( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 4.03.1990
എനിക്കും ഇക്കാര്യത്തില്‍ ഏറ്റുമാനൂരുമായി കുറച്ചു ബന്ധമുണ്ട്. പത്തുമുപ്പത് വര്‍ഷത്തിനുമുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഞാനൊരു കല്യാണത്തിനു പോയി. ക്ഷേത്രത്തിനകത്തുവച്ചാണ് കല്യാണം. ഞാനങ്ങോട്ടു പോകാനായി നടന്നു. അപ്പോള്‍ മതിലില്‍ പതിച്ചിരിക്കുന്ന ബോര്‍ഡ് എന്റെ ദൃഷ്ടിയില്പെട്ടു. ‘അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല’ എന്നായിരുന്നു അത്. ഞാനവിടെ നിന്നു, കല്യാണം കഴിയുംവരെ.
ഇതിനിടയ്ക്കു ഞാനൊരു പ്രതിജ്ഞ എടുത്തു. മേലില്‍ ക്ഷേത്രത്തിനുള്ളില്വച്ചു നടക്കുന്ന ഒരു കല്യാണത്തിനും പോകുകയില്ല–എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതുവരെ. ആ പ്രതിജ്ഞ ഇതുവരെ ലംഘിച്ചിട്ടില്ല. കോട്ടയത്ത് തിരുനക്കരക്ഷേത്രത്തില്‍ വല്ല കല്യാണത്തിന്റെയും ക്ഷണം കിട്ടിയാല്‍ ‘അകത്തോ പുറത്തോ’ എന്നന്വേഷിക്കും. അകത്താണെന്നറിഞ്ഞാല് പോകില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുറത്താണു കല്യാണമണ്ഡപങ്ങള്‍. അതുകൊണ്ടവിടെ പോകാന്‍ വിഷമമില്ല. ഞാനിക്കാര്യത്തെപ്പറ്റി പല പ്രാവശ്യം പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്, പ്രസംഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍വച്ച് നടക്കുന്ന കല്യാണങ്ങള്‍ക്ക് അഹിന്ദുക്കളെ ക്ഷണിച്ച് അപമാനിക്കരുതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാമന് ഭട്ടതിരിപ്പാടിനോടും ഇതൊക്കെ മുമ്പ് പറഞ്ഞിരിക്കുമെന്നാണ് എന്റെ ഓര്‍മ്മ.
തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചത് 1936 നവംബര്‍ 12നായിരുന്നു. ഇന്ത്യയൊട്ടുക്കു ചലനം സൃഷ്ടിച്ച ഒരു പ്രഖ്യാപനമായിരുന്നു അത്. അവര്‍ണ്ണര്‍ക്കു വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1924-ല്‍ നടന്ന വൈക്കം സത്യാഗ്രഹം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹവും അതുപോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പക്ഷേ, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി ആരും പ്രക്ഷോഭണത്തിനു മുതിര്‍ന്നിട്ടില്ല. ആചാര്യവിനോബഭാവെ ഒരിക്കല്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച കാര്യം ഇവിടെ ഓര്‍മ്മിക്കാന്‍ കൊള്ളാം. തന്റെ സംഘത്തിലുള്ള അഹിന്ദുക്കള്ക്കുകൂടി പ്രവേശനം നല്കാന് ക്ഷേത്രാധികാരികള്‍ സമ്മതിച്ചാല്‍ മാത്രമേ താന്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കൂ എന്നദ്ദേഹം ശഠിച്ചു.
കേരളത്തില്‍ മാത്രമേ ഈ കുഴപ്പംപിടിച്ച നിയമം നിലവിലുള്ളു എന്നു തോന്നുന്നു. കേരളത്തിനു പുറത്തുള്ള പ്രധാനപ്പെട്ട എല്ലാ ഹിന്ദുക്ഷേത്രങ്ങളുംതന്നെ ഞാന്‍ കണ്ടിട്ടുണ്ട്. വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ അടുത്തുകിട്ടുന്ന സന്ദര്‍ഭം ഉപയോഗിച്ചു കാണുകയും ചെയ്യും. രണ്ടു വര്‍ഷംമുമ്പ് ഗുജറാത്ത് പര്യടനത്തിനിടയില്‍ ഞാന്‍ സൗരാഷ്ട്രയില്‍ പോയതിന്റെ പ്രധാന ലക്ഷ്യം സോമനാഥക്ഷേത്രവും ദ്വാരകയും കാണുക എന്നതായിരുന്നു. വാരാണസിയും ഗയയും പുരിയും ഭുവനേശ്വരവും ഹരിദ്വാരവും കാളിഘട്ടവും തഞ്ചാവൂരും കുംഭകോണവും തിരുപ്പതിയും മധുരയുമൊക്കെ വളരെ ചെറുപ്പത്തില്‍തന്നെ സന്ദര്‍ശിച്ചിരുന്നു. ശങ്കരാചാര്യരുടെ വഴി തപ്പി ശ്രീനഗര്‍വരെ പോയി. പുറമേ ഇന്ത്യയിലെ പ്രസിദ്ധമായ മോസ്കുകളും ക്രിസ്ത്യന്‍പള്ളികളും ഗുരുദ്വാരകളും ബുദ്ധ-ജൈനക്ഷേത്രങ്ങളും കണ്ടിട്ടുണ്ട്. ഇതെല്ലാം നമ്മുടെ സംസ്കാര ത്തിന്റെ ഭാഗമാണെന്നു ഞാന്‍ കരുതുന്നു