(‘കാലത്തിന്റെ നാള്‍വഴി‘യില്‍ നിന്നും) 28.7.1991
എന്റെ പ്രസംഗത്തിനിടയില്‍ ഞാന്‍ ആദ്യം തകഴിയെ കാണാന്‍പോയ കഥ പറയേണ്ടിവന്നു. 1942-ലോ മറ്റോ ആണ്. ഞാനന്ന് കാഞ്ഞിരപ്പള്ളിയിലാണ്. അവിടെനിന്ന് കോട്ടയത്തുവന്ന് ആലപ്പുഴയ്ക്കു ബോട്ടുകയറി. പിന്നെ ബസ്സില്‍ അമ്പലപ്പുഴ. തകഴി അവിടെയാണു വക്കീലായി പ്രാക്ടീസ് ചെയ്യുന്നത്. വക്കീലിന്റെ ആഫീസ് കണ്ടുപിടിച്ചു. ‘കെ.കെ.ശിവശങ്കരപ്പിള്ള വക്കീല്‍, അമ്പലപ്പുഴ’ എന്ന ബോര്‍ഡുവച്ച കൊച്ചുമുറി.
ഞാനങ്ങോട്ടു കയറി. വക്കീല്ഗുമസ്തനെ കണ്ടു. മുട്ടില്‍നിന്നു മൂന്നിഞ്ചു താഴെ നില്ക്കുന്ന മുണ്ടും, അലക്കിത്തേച്ചിട്ടില്ലാത്ത ഷര്‍ട്ടും. എന്റെ ഉള്ളില്‍ തോന്നി: ‘തകഴി ശിവശങ്കരപ്പിള്ളയുടെ ഗുമസ്തനല്ലേ. ഇയാള്‍ക്കു സ്വല്പംകൂടി നന്നായി വേഷം ധരിച്ചുകൂടെ.’ ഗുമസ്തനോടു ഞാനിങ്ങനെ ചോദിച്ചു: ”വക്കീല്‍ ശിവശങ്കരപ്പിള്ള ഇവിടെ ഉണ്ടോ, അതോ കോടതിയില്‍ പോയോ?”
ഗുമസ്തന് എന്നെ സൂക്ഷിച്ചുനോക്കി: ”എവിടന്നാ?”
”കുറേ ദൂരേന്നാ. എനിക്ക് തകഴിയെ ഒന്നു കാണണം.”
മറുപടി: ”അതു ഞാന്തന്നെയാ.”
ഞങ്ങള്‍ ഏറ്റുമാനൂര്‍നിന്നു പിരിഞ്ഞതിന്റെ പിറ്റേന്ന് തകഴിയുടെ വിവാഹത്തിന്റെ വാര്‍ഷികമായിരുന്നു. അന്ന് തകഴി മനോരമ ലേഖകനോടു പറഞ്ഞു: ”ഞാന്‍ വക്കീലെന്ന നിലയില്‍ അത്ര മോശമൊന്നുമല്ലായിരുന്നു.” തന്റെ ഭാര്യ കാത്തയ്ക്ക് ഒരുകാലത്ത് തന്റെ നോവലുകളെക്കാള്‍ ഇഷ്ടം മുട്ടത്തുവര്‍ക്കിയുടെ നോവലുകളോടായിരുന്നു എന്നുകൂടി തകഴി ലേഖകനോടു പറഞ്ഞതായി പത്രത്തില്‍ കണ്ടു. മറ്റൊരു കഥ ഞാന്‍ കേട്ടിട്ടുള്ളതുകൂടി ഇവിടെ കുറിക്കാം. തകഴിയുടെ ചെമ്മീന്‍ പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്ക്കുന്ന കാലം. അന്ന് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരു ചോദ്യമുണ്ടായിരുന്നു.
”അടുത്തകാലത്ത് ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മലയാളനോവലിന്റെ പേര് എഴുതുക.”
തകഴിയുടെ മകള്‍ എഴുതി: ‘മുട്ടത്തു വര്‍ക്കിയുടെ പട്ടുതൂവാല.’