(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 25, 1997
പുസ്തകപ്രകാശനം എന്നു പറഞ്ഞാല്‍ ഇന്ന് ഒരു പുതുമയുമില്ല. പ്രത്യേകിച്ചും പുസ്തകത്തിന്റെ നഗരമായ കോട്ടയത്ത്. എന്നാല്‍ ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് കോട്ടയത്ത് വിഷുനാളില്‍ നടന്ന തികച്ചും പുതുമയുള്ള ഒരു പുസ്തകപ്രകാശനത്തെപ്പറ്റിയാണ്. അധ്യക്ഷനില്ല. ഉദ്ഘാടകനില്ല. ആശംസയില്ല. സര്‍വോപരി സ്വാഗതവും കൃതജ്ഞതയുമില്ല. പക്ഷേ, പ്രകാശനം മാത്രം നടന്നു.
ഈ നൂറ്റാണ്ടില്‍ ഇത്രയധികം ശബ്ദമുണ്ടാക്കിയ, ഇനിയും കൂടുതല്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന മറ്റൊരു നോവല്‍ ഒരു മലയാളിപ്പെണ്‍കൊടി എഴുതുമെന്ന് ആര്‍ക്കും സ്വപ്നം കാണാന്‍കൂടി കഴിയില്ല. കോട്ടയത്തെ പ്രശസ്ത വിദ്യാഭ്യാസപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായ മേരി റോയിയുടെ മകള്‍ അരുന്ധതിറോയി ആണ് ഗ്രന്ഥകര്‍ത്രി. നോവലിന്റെ കൈയെഴുത്തുപ്രതി കൈയില്‍ കിട്ടിയ ഉടനെ 10 ലക്ഷം ഡോളര്‍ (മൂന്നര കോടി രൂപ) അഡ്വാന്‍സ് നല്കി അവകാശം കരസ്ഥമാക്കിയ ലണ്ടനിലെ ഹാര്‍പര്‍ കോളിന്‍സിന്റെ ഡയറക്ടര്‍ സ്റ്റ്യൂവര്‍ട്ട് പ്രോഫിറ്റ്, പ്രകാശനച്ചടങ്ങില്‍ സംബന്ധിക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു. ഒപ്പം അവരുടെ ലിറ്റററി ഏജന്റ് ഡേവിഡ്ഗുഡ്വിനും.
ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും പുറമേ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്, ഡെന്മാര്ക്ക്, ഗ്രീസ് തുടങ്ങിയ 19 രാജ്യങ്ങളിലെ 16 ഭാഷക്കാര്‍ക്കും, ഒരു മലയാളിപ്പെണ്‍കുട്ടിയുടെ ഈ പുസ്തകം ലഭിച്ചു (ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തിയ മുഴുവന്‍ കോപ്പികളും മൂന്നു ദിവസത്തിനകം വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്). ഓ, പുസ്തകത്തിന്റെ പേര് പറയാന്‍ വിട്ടുപോയി. The God of Small Things (ചെറിയകാര്യങ്ങളുടെ ദൈവം) ഇതാണ്, പേര്. ഇന്ത്യാടുഡേ ഉള്‍പ്പെടെ പല പ്രമുഖ പത്രങ്ങളും ഈ നോവലിന്റെ ചില അദ്ധ്യായങ്ങള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ നോവലിന്റെ മലയാള തര്‍ജ്ജമയ്ക്കുള്ള ഏര്‍പ്പാടുകളും നടന്നുവരുന്നുണ്ട്.
കോട്ടയത്തെ ചടങ്ങ്, മേരിറോയിയുടെ സ്കൂളില്‍ (കോര്‍പ്പസ് ക്രിസ്റ്റി) വച്ചായിരുന്നു. ശ്രീമതി കമലാദാസ് എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന കവയിത്രി മാധവിക്കുട്ടിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. ”ഇവളെ ആരും വേദനിപ്പിച്ചുകൂടാ. ഇവള് വലിയ ഒരു എഴുത്തുകാരിയാണ്. ഈ പുസ്തകം അത് തെളിയിക്കുന്നു.” ലോകം കാണുംമുമ്പ് ലോകമെങ്ങും അറിയപ്പെട്ട വിഖ്യാതകൃതിയായ ‘ചെറിയ കാര്യങ്ങളുടെ ദൈവ’ത്തെ ഒരു താലത്തിലാക്കി അന്ന ഏബ്രഹാം എന്ന പെണ്‍കുട്ടി കമലാദാസിനെ ഏല്പിച്ചു. അവര്‍ അത് സദസ്സിനു സമര്‍പ്പിക്കയും ചെയ്തു. 400 പേജില്‍ താഴെ വലിപ്പമുള്ള ഇന്ത്യന്‍ എഡിഷനു 395 ക.യാണ് വില വച്ചിരിക്കുന്നത്. അരുന്ധതിറോയിയെ സദസ്സിനു പരിചയപ്പെടുത്തിയത് മറ്റൊരു വിദ്യാര്‍ത്ഥിയായ മനോജ് തോമസ് സഖറിയ ആണ്. അരുന്ധതി സദസ്സിനോട് ഇങ്ങനെ പറഞ്ഞു: ”എന്നെ എഴുതാന്‍ പഠിപ്പിച്ചത് അമ്മയാണ്. അമ്മ എല്ലാ പ്രോല്‍സാഹനവും എനിക്കു തന്നു. എനിക്കു തോന്നുന്നത് അതുപോലെ എഴുതാന്‍ പറഞ്ഞുതന്നതും അമ്മയാണ്.” അരുന്ധതി ചെറുപ്പത്തില്‍ ഈ സ്കൂളിലാണ് പഠിച്ചത്. കോട്ടയത്തെ അയ്മനം ഗ്രാമം പശ്ചാത്തലമാക്കിയാണ്, ചെറിയകാര്യങ്ങളുടെ ദൈവം രചിക്കപ്പെട്ടിരിക്കുന്നത്. അയ്മനത്തിന്റെ സൂക്ഷ്മാംശങ്ങള്‍ കാണുന്ന ഒരു കുട്ടിയെ ആണ്, ഈ നോവലില്‍ നാം കാണുന്നതെന്ന് കമലാദാസ് പ്രസ്താവിച്ചു. കൊന്നപ്പൂക്കള്കൊണ്ടലങ്കരിച്ച വിദ്യാലയത്തിലേക്ക് മേരിറോയിയുടെ പ്രിയപുത്രി സൂസിമോള് എന്ന അരുന്ധതിറോയി പ്രവേശിച്ചപ്പോള്‍ അവള്‍ക്കിഷ്ടപ്പെട്ട ഗാനങ്ങള്‍ ഉയര്‍ന്നു.
മീനച്ചിലാറും അവിടത്തെ ആറ്റിറമ്പുകളും അവിടെ ജീവിക്കുന്ന മനുഷ്യരും, അവരുടെ ജീവിതരീതിയുമൊക്കെ ഇന്ന് അയ്മനത്തുകാരെപ്പോലെതന്നെ അമേരിക്കക്കാര്‍ക്കും ബ്രിട്ടനിലുള്ളവര്‍ക്കും അറിയാമെന്ന നില വരുത്താന്‍ ഈ ‘ദൈവ’ത്തിനു കഴിഞ്ഞിരിക്കുന്നു.
ഇറ്റലിയില്‍ താമസിക്കുന്ന കാലത്താണ് അരുന്ധതിക്ക് എഴുതണമെന്നുള്ള മോഹം ഉദിച്ചത്. പക്ഷേ, ഒന്നും എഴുതിയില്ല. എങ്കിലും താന്‍ ഒരെഴുത്തുകാരിയാണ് എന്ന തോന്നല്‍ ഉണ്ടായി എന്ന് അരുന്ധതി പറയുന്നു. ഇറ്റലിയില്നിന്നുതന്നെ അവര്‍ ഭര്‍ത്താവ് പ്രദീപ് കിഷന് ഈ വിവരം എഴുതി. തനിക്ക് എഴുതാതിരിക്കാന്‍ വയ്യ എന്നും പ്രദീപിനെ അറിയിച്ചിരുന്നു. ഒരുദിവസം വെളുപ്പിന് എഴുന്നേറ്റ് എഴുതാനിരുന്നു. എന്നിട്ടും ‘എഴുത്ത്’ വന്നില്ല. ചെറിയ കാര്യങ്ങളുടെ ദൈവം പൂര്‍ത്തിയാക്കാന്‍ അരുന്ധതിക്കു നാലരവര്‍ഷം വേണ്ടിവന്നു. കംപ്യൂട്ടറിലേക്ക് നേരിട്ടു പകര്‍ത്തുകയായിരുന്നു ആദ്യം. ‘ദൈവം’ മുഴുമിക്കാന്‍ 37 വര്‍ഷമെടുത്തു എന്നാണ് അവര്‍ പറയുന്നത്. അതായത് തന്റെ ജീവിതകാലം മുഴുവനും.
മലയാളികള്‍ക്ക് പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്കു പൊതുവെയും അഭിമാനിക്കാന്‍ വകനല്കുന്ന ഒന്നാണ്, അരുന്ധതിറോയിയുടെ പ്രഥമ നോവല്‍.