എഴുപുന്ന എന്ന ഗ്രാമത്തില്‍ ആ പുസ്തകം വായിച്ച് ആസ്വദിക്കാവുന്നവരുടെ എണ്ണം കുറവാണ്; തീരെ കുറവാണ്. എങ്കിലും ആയിരക്കണക്കിനാളുകള്‍ ‘ഉറുമീസ് തരകന്റെ ഉപന്യാസങ്ങളു’ടെ പ്രകാശനകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബര്‍, 1984
നവംബര്‍ 8. പാറായില്‍ ഉറുമീസ് തരകന് ഇന്നലെ നിര്യാതനായി. ചേര്‍ത്തലയ്ക്കു വടക്കുള്ള എഴുപുന്നയിലാണ് തരകന്റെ വസതി. ശവസംസ്കാരം ഇന്നു വൈകുന്നേരം നടന്നു. ഞാന്‍ പോയത്, എറണാകുളത്തു ചെന്ന്, ഉറുമീസ് തരകന്റെ സുഹൃത്തായ പ്രൊഫ. മാത്യു ഉലകംതറയുമൊന്നിച്ചാണ്.
വീട്ടില്‍നിന്ന് ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പള്ളിയിലേക്ക് നീങ്ങുകയായിരുന്നു നാലുമണിക്ക്. പഴയ ഒരോര്‍മ മനസ്സിലെത്തി. നാലുവര്‍ഷംമുമ്പ് 1980 നവംബര്‍ 8-നുതന്നെ ഇതേ സമയം ഇതേ ഭവനത്തില്‍നിന്ന്, പള്ളിക്കപ്പുറത്തുള്ള ഹൈസ്കൂളിലേക്ക് ഒരു ഘോഷയാത്ര നീങ്ങുകയായിരുന്നു. അന്നത്തെ പ്രധാന കഥാനായകനും പാറായില്‍ ഉറുമീസ് തരകന്തന്നെ. ആനയും അമ്പാരിയും താലപ്പൊലിയും തായമ്പകയുമൊക്കെയുണ്ട്. ‘ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്. യോഗസ്ഥലത്തെ മൂന്നു ഹാളുകളും നേരത്തെതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. സുകുമാര്‍ അഴീക്കോടാണ് അദ്ധ്യക്ഷന്‍. പുസ്തകപ്രകാശനം തകഴിയാണ്. അഞ്ചാറു പ്രസംഗങ്ങളും. ആകെക്കൂടി മൂന്നു മണിക്കൂര്‍ എടുത്തു. എന്നിട്ടും എല്ലാം കഴിഞ്ഞേ ആളുകള്‍ എഴുന്നേറ്റുള്ളു. ഇത്ര ആര്‍ഭാടപൂര്‍വ്വമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് അതിനുമുമ്പോ, പിന്‍പോ ഞാന്‍ കണ്ടിട്ടില്ല. സാഹിത്യവിമര്‍ശനപരമായ 13 പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ്, പ്രകാശിപ്പിച്ച ഗ്രന്ഥം. അതും നാല്പത്-അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയവ. എഴുപുന്ന എന്ന ഗ്രാമത്തില്‍ ആ പുസ്തകം വായിച്ച് ആസ്വദിക്കാവുന്നവരുടെ എണ്ണം കുറവാണ്; തീരെ കുറവാണ്. എങ്കിലും ആയിരക്കണക്കിനാളുകള്‍ ‘ഉറുമീസ് തരകന്റെ ഉപന്യാസങ്ങളു’ടെ പ്രകാശനകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു.
പാറായില്ക്കാരുടെ ‘കുടുംബക്കല്ലറ’യിലാണ് മൃതദേഹം സംസ്കരിച്ചത്. മറ്റൊരു തരകന്റെ മാര്ബിള്സ്ലാബ് അവിടെ കണ്ടു. ഉറുമീസ് തരകന്റെ സഹോദരന്മാരുടെയും മകന്റെയും (ഏക പുത്രന് പി.എച്ച്. വര്‍ക്കി തരകന്) അടുക്കല്‍ ഞാന്‍ താഴെപ്പറയും പ്രകാരം ഒരപേക്ഷ സമര്‍പ്പിച്ചു.
‘ഉറുമീസ് തരകന്റെ പേരും തീയതിയുമൊക്കെ കൊത്തിവയ്ക്കുന്ന കൂട്ടത്തില്‍ ഒരു പുസ്തകത്തിന്റെ ചിത്രംകൂടി വേണം. പുസ്തകത്തിന്റെ പേരും — ‘ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍’ എന്ന്. നിങ്ങള്‍, പാറായില്ക്കാര് നൂറ്റാണ്ടുകളായി വലിയ പ്രതാപത്തില്‍ കഴിയുന്നവരായിരിക്കും. പക്ഷേ, നിങ്ങളുടെ കൂട്ടത്തില്‍ ഒരു സാഹിത്യകാരനുണ്ടാകുന്നത് ആദ്യമാണ്.’ എന്റെ അപേക്ഷ അവര്‍ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. സാഹിത്യത്തിന്, പാറായില്ക്കാരുടെ വക മറ്റൊരു സംഭാവനകൂടിയുണ്ട്. പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ രചിച്ച ‘വര്‍ത്തമാനപുസ്തക’ത്തോടു ബന്ധപ്പെട്ടതാണ് സംഭവം.
പാറേമ്മാക്കല്‍ തോമ്മാകത്തനാരും കരിയാറ്റില്‍ ജോസഫ് മല്പാനും കൂടി 1778 മുതല്‍ 1786 വരെ നടത്തിയ യൂറോപ്പുയാത്രയുടെ കഥയാണ്, വര്‍ത്തമാനപുസ്തകം. ഇന്ത്യന്‍ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണവുമാണിത്. തോമ്മാകത്തനാര്‍ കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗോവര്‍ണദോര്‍ ആയി ഉയര്‍ത്തപ്പെട്ടു. 1799-ല്‍ അദ്ദേഹം മരിച്ചു. ഗ്രന്ഥകാരന്റെ സ്വന്തം കൈപ്പടയിലുള്ള വര്‍ത്തമാനപുസ്തകത്തിന്റെ കൈയെഴുത്തുപ്രതി അന്നത്തെ പാറായില്‍ വലിയ തരകനെയാണ്, സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നത്. ഒടുവില്‍ അതു നമ്മുടെ ഉറുമീസ് തരകന്റെ കൈയില്‍ വന്നുചേര്‍ന്നു. ഈ കൈയെഴുത്തുപ്രതി പൊന്നുപോലെ സൂക്ഷിച്ച പാറായില്‍ കുടുംബത്തോട് മലയാളസാഹിത്യം എന്നും കടപ്പെട്ടിരിക്കുന്നു.
ഉറുമീസ്തരകന് നിയമസഭാംഗമായിരുന്നു, 1948 മുതല്‍ ’51 വരെ. അന്നത്തെ തിരുവിതാംകൂറില്‍ 108 അംഗങ്ങളാണ്, നിയമസഭയില്‍ ഉണ്ടായിരുന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ട് പട്ടം താണുപിള്ള ആയിരുന്നു. താന്‍ ഏതു കുറ്റിച്ചൂലിനെ പിടിച്ചുനിര്‍ത്തിയാലും ജയിച്ചുവരുമെന്ന് പട്ടം അക്കാലത്തു പ്രസ്താവിച്ചിരുന്നു. തരകന് ആ വെല്ലുവിളിയെ നേരിട്ടു. അരൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിന്നു. ജനങ്ങള്‍ തരകനെ ജയിപ്പിച്ചു. ബാക്കി 107 പേരും (കുറെ കുറ്റിച്ചൂലുകളടക്കം) കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിക്കയുണ്ടായി. എം.എല്‍.എ. മാരായിരുന്നവര്ക്കെല്ലാം പെന്‍ഷനുണ്ടല്ലോ. ഉറുമീസ് തരകന് പെന്ഷന് അപേക്ഷിച്ചിരുന്നില്ല. കുറെ മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിനു തോന്നി, പെന്ഷന് വാങ്ങണമെന്ന്. അപേക്ഷിച്ചു. അനുവദിക്കുകയും ചെയ്തു. പക്ഷേ, കുത്തിയതോട് ട്രഷറി എന്ന് എഴുതേണ്ടിടത്ത് സെക്രട്ടേറിയറ്റുകാര് കൂത്തുപറമ്പ് ട്രഷറി എന്ന് എഴുതിപ്പിടിപ്പിച്ചു. അതുകൊണ്ട് പെന്ഷന് കൈയില്‍ കിട്ടിയില്ല. ഒടുവില്‍ എല്ലാം ശരിപ്പെട്ടു. അനുമതി കൈയിലെത്തുന്നതിന് സ്വല്പം മണിക്കൂര്‍മുമ്പ് അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.