ദത്തന് ആണ് ശില്പി. പ്രതിമ നന്ന്. പീഠത്തിന്റെ മൂന്നു വശത്തും പലതും എഴുതിയിട്ടുണ്ട്. ഒരുവശം വെറുതെ കിടക്കുന്നു. എഴുതിയതൊക്കെ ഇംഗ്ലീഷിലാണ്. കൃഷ്ണമേനോന് മലയാളം അറിയില്ലായിരുന്നല്ലോ.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബര്‍ 9, ’88
ഉച്ചകഴിഞ്ഞ്, ടാഗോര്പാര്ക്കില് കൃഷ്ണമേനോന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങ്: ഇപ്രാവശ്യം മറ്റൊരു ചീഫ് എഡിറ്ററുമൊത്താണ് ഞാന്‍ പോയത്—തെരുവത്ത് രാമന് (പ്രദീപം പത്രാധിപര്‍). സംഘാടകമ്മറ്റിയുടെ ഒരു പ്രമാണി ഞങ്ങള്‍ക്കു മുന്‍നിരയിലുള്ള രണ്ടു സീറ്റ് ചൂണ്ടിക്കാണിച്ചുതന്നു. ഞങ്ങള്‍ അവിടെ ഇരിക്കാന്‍ ചെന്നപ്പോള്‍ കൃഷ്ണമേനോന്റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി റിസര്‍വ് ചെയ്തിട്ടുള്ള സീറ്റാണെന്നറിഞ്ഞു മാറിപ്പോയി. പക്ഷേ കുടുംബാംഗങ്ങള്‍ വന്നു എന്നു തോന്നുന്നില്ല. അവര്‍ സ്വല്പം ഇടംകേടിലായിരുന്നു എന്നും കേട്ടു.
എനിക്ക് കിട്ടിയ ക്ഷണക്കത്തില്‍ മീറ്റിങ്ങിന്റെ സമയം 4 മണിയാണ്. 3.30നു മുമ്പ് ആസനസ്ഥരായിരിക്കണം. എന്റെ തൊട്ടടുത്തിരുന്ന സ്റ്റീല്‍ കോംപ്ലെക്സ് മാനേജിങ് ഡയറക്ടര്‍ ജഗദീശിനു ലഭിച്ച കാര്‍ഡില്‍ യോഗം 3.30ന് തുടങ്ങും. ആസനസ്ഥരാവേണ്ടത് 3 നും. അമേരിക്കയിലെ ഒരു ക്ഷണക്കത്തിന്റെ കാര്യം മുമ്പ് പറഞ്ഞിട്ടില്ലേ ഞാന്‍? പരിപാടി 6നാണ്. മലയാളികള്ക്കയയ്ക്കുന്ന കത്തില്‍ 5.0 എന്നും. അതുപോലെ കോഴിക്കോട്ടുകാര്ക്കയയ്ക്കുന്ന കാര്‍ഡില്‍ അരമണിക്കൂര്‍ മാറ്റിവച്ചതാവാം. ഇവിടെയും രാഷ്ട്രപതിയുടെ പ്രസംഗം എഴുതിത്തയ്യാറാക്കിയതായിരുന്നു. അധ്യക്ഷത വഹിച്ചത് ഗവര്‍ണര്‍ റാംദുലാരി സിന്‍ഹ. വി.കെ.മാധവന്‍കുട്ടിയും കെ.കരുണാകരനും വി.വിശ്വനാഥമേനോനും പ്രസംഗിച്ചു. ഹൈമവതി തായാട്ട് (മേയര്‍) സ്വാഗതവും കെ.ജയകുമാര്‍ (ജില്ലാ കളക്ടര്‍) കൃതജ്ഞതയും പറഞ്ഞു. കൃതജ്ഞത കഴിയുന്നതുവരെ രാഷ്ട്രപതി ജയകുമാറിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.
ദത്തന് ആണ് ശില്പി. പ്രതിമ നന്ന്. പീഠത്തിന്റെ മൂന്നു വശത്തും പലതും എഴുതിയിട്ടുണ്ട്. ഒരുവശം വെറുതെ കിടക്കുന്നു. എഴുതിയതൊക്കെ ഇംഗ്ലീഷിലാണ്. കൃഷ്ണമേനോന് മലയാളം അറിയില്ലായിരുന്നല്ലോ. പിന്‍വശം പേരുകള്‍കൊണ്ടു ബഹളമയമാണ്. രാഷ്ട്രപതി മുതല്‍ മുനിസിപ്പല്‍ കമ്മീഷണര്‍വരെ ഒരു ഡസന്‍ പേരുകളുണ്ടാവും. 1000 വര്‍ഷം കഴിഞ്ഞ് വല്ല ശിലാലിഖിതവും തിരയുന്നവര്‍ക്കു പ്രയോജനപ്പെട്ടേക്കും.