(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബര്‍ 19, 1993
വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്കാരം ബാലാമണിയമ്മയ്ക്കും ബഷീറിനും സമ്മാനിച്ച ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. മഹാകവിയുടെ 115-ാം ജന്മദിനത്തില്. ഗവര്‍ണ്ണര്‍ രാച്ചയ്യയായിരുന്നു അവാര്‍ഡുകള്‍ നല്‍കിയത്. അനാരോഗ്യം വകവയ്ക്കാതെ ബാലാമണിയമ്മ ചടങ്ങിനെത്തി. ആശുപത്രിയില്‍ കഴിയുന്ന ബഷീര്‍, മകള്‍ ഷാഹിനയെ അയച്ചു. ബാലാമണിയമ്മ ഹ്രസ്വമായി മറുപടി പറഞ്ഞു. ബഷീറിന്റെ മറുപടിപ്രസംഗം, ആശുപത്രിയിലേക്കുപോകുംമുമ്പ് തയ്യാറാക്കിയത്, ഞാന്‍ വായിച്ചു. അതിസുന്ദരമായ ഒരു കവിത എന്ന് അതിനെ വിശേഷിപ്പിക്കാം. അത് വായിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവും അഡീഷണല്‍ ചീഫ് സെക്രട്ടറിയും സമിതിയുടെ പ്രസിഡണ്ടുമായ ആര്. രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ഡോ.ലീലാവതിയും എന്‍.പി. മുഹമ്മദും ആശംസാപ്രസംഗം ചെയ്തു.
ഗവര്‍ണര്‍ എന്റെ പേര് ഉച്ചരിച്ചത് ‘കിഴക്കുമാരി’യെന്നാണ് (പത്തുമുപ്പതു വര്‍ഷംമുമ്പ് മദ്രാസ് എയര്‍പോര്‍ട്ടില്‍നിന്നു മൈക്കിലൂടെയാണ്, മിസ്സ് ഡി.സി. കിഷ്കുമാരി എന്ന് എന്റെ പേര് വിളിച്ചത്. ഇത് ഞാന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്). ഗവര്‍ണര്‍ മറ്റ് പലരുടേയും പേരുകള്‍ ഉച്ചരിച്ചത് സദസ്സിനു രസം പകര്‍ന്നു.’നലപ്പാട് ബലാമണിയമ്മ’യും വക്കം മുഹമ്മദ്ബഷീറും ഒക്കെ അവിടെ കടന്നുവന്നു. സ്വാഗതഗീതം ആലപിച്ച അജയകുമാര്‍ (രാമചന്ദ്രന് നായരുടെ പുത്രന്) സദസ്യരുടെ ശ്രദ്ധ പിടിച്ചുപറ്റി. യോഗത്തില്‍ പങ്കെടുത്ത ഗവര്‍ണര്‍ മുതലുള്ളവരുടെയെല്ലാം പേരുകള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച സംസ്കൃതശ്ലോകമായിരുന്നു അത്. ബഷീറിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പല സ്ത്രീകളെയും കരയിച്ചു എന്ന് ആരോ ഒക്കെ പറയുന്നതു കേട്ടു.
ഓഗസ്റ്റ് 26, 1994
ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന ദിവസമാണ്, വള്ളത്തോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് — പൊന്‍കുന്നം വര്‍ക്കി 1,11,111 ക.യും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞവര്‍ഷം അവാര്‍ഡ് തുക രണ്ടായി വിഭജിച്ചു നല്‍കുകയായിരുന്നു ബഷീറിനും ബാലാമണിയമ്മയ്ക്കും. 50,000 ക. വീതം. സര്‍ക്കാരിന്റെ സാംസ്കാരികവകുപ്പ് ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് അവാര്‍ഡിന് ഒരു ലക്ഷം ക.യാണ്, നല്‍കിയത്. ആദ്യമായിട്ടാണ് ഒരുലക്ഷം ക.യുടെ അവാര്‍ഡ് സര്‍ക്കാര്‍ നല്‍കിയത്. അതുകൊണ്ടായിരിക്കണം, വള്ളത്തോള്‍ അവാര്‍ഡ്തുക വര്‍ദ്ധിപ്പിച്ചതെന്നു തോന്നുന്നു. പൊന്‍കുന്നം വര്‍ക്കിക്ക് അവാര്‍ഡ് ലഭിക്കുന്നത് ആദ്യമാണെന്നു പറയാം. കേരള, സാഹിത്യ അക്കാദമി സമ്മാനിച്ച ഫെല്ലോഷിപ്പിന്റെ കാര്യം ഇവിടെ മറക്കുന്നില്ല. കത്തോലിക്ക ആത്മീയസംഘടന നല്കിയ ഒരു ചെപ്പേടും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനുള്ള താമ്രപത്രവും മുമ്പുതന്നെ അദ്ദേഹത്തെത്തേടി എത്തിയിരുന്നു.
നവംബർ 10, 1996
വള്ളത്തോള്‍ സമ്മാനമാണ്, അടുത്ത ഇനം. മഹാകവിയുടെ 118-ാം ജന്മദിനമായ ഒക്ടോബര്‍ 16-ന് തകഴി ശിവശങ്കരപ്പിള്ളയ്ക്ക് സമ്മാനിച്ചു. വള്ളത്തോള്‍ സ്മാരകസമിതി അധ്യക്ഷനായ ആര്. രാമചന്ദ്രന്‍നായര്‍ (മുന്‍ ചീഫ് സെക്രട്ടറിയും) അധ്യക്ഷത വഹിച്ച വള്ളത്തോള്‍ ജന്മദിനാഘോഷങ്ങള് സ്പീക്കര്‍ എം.വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. 1,11,111 രൂപയുടെ പുരസ്കാരം തകഴിക്കു നല്കിയതും സ്പീക്കര്‍തന്നെ. ജി.കാര്‍ത്തികേയനും കടമ്മനിട്ട രാമകൃഷ്ണനുമായിരുന്നു പ്രസംഗകര്‍. പതിവുപോലെ കിഴക്കെകോട്ടയിലെ കാര്‍ത്തികതിരുനാള്‍ തിയേറ്ററിലായിരുന്നു ചടങ്ങുകള്‍.
മഹാത്മാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കു വന്നതോടെയാണ്, മഹാകവി വള്ളത്തോള്‍ ദേശീയധാരയില്‍ ശ്രദ്ധേയനായതെന്ന് വിജയകുമാര്‍ അഭിപ്രായപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിനും സുബ്രഹ്മണ്യഭാരതിക്കും ഒപ്പം നില്ക്കാന് കഴിഞ്ഞയാളാണ്, വള്ളത്തോള്‍. മഹാകവി, ദേശീയാഭിമാനത്തിന്റെയും ഭാഷാഭിമാനത്തിന്റെയും പ്രതീകമായിരുന്നു എന്നും വിജയകുമാര്‍ പറഞ്ഞു. വി.കെ.എന്‍.ന്റെ ‘അധികാര’ത്തിന്റെ പേരില്‍ നടന്ന കാര്യങ്ങളെ സ്പീക്കര്‍ അപലപിച്ചു. നമ്മുടെ ഏറ്റവും വലിയ സാഹിത്യസമ്മാനമാണിതെന്ന് അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു (എഴുത്തച്ഛന് പുരസ്കാരം ഒരു ലക്ഷം ക.യത്രെ). കഴിഞ്ഞ ആറു വര്‍ഷമായി ഈ സമ്മാനം നല്കിവരുന്നു. തകഴിക്ക് ഈ സമ്മാനം കുറേക്കൂടി നേരത്തെ കൊടുക്കേണ്ടതായിരുന്നു. പക്ഷേ, വലിയ സമ്മാനങ്ങള്‍ കിട്ടിയിട്ടില്ലാത്ത വര്ക്കിയെപ്പോലുള്ളവര്ക്കു മുന്‍ഗണന നല്കുകയാണുണ്ടായത്. വള്ളത്തോളിനെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ചു നടക്കാന്‍ മറ്റൊരു മലയാളകവിക്കും കഴിഞ്ഞിട്ടില്ലെന്നും രാമചന്ദ്രന് നായര്‍ ചൂണ്ടിക്കാണിച്ചു.
ഇത്രയേറെ ഭാഗ്യവാനായ മറ്റൊരു സാഹിത്യകാരനും തകഴിയെപ്പോലെ മലയാളത്തിലുണ്ടായിട്ടില്ലെന്നു ജി.കാര്ത്തികേയന് പറഞ്ഞു. വള്ളത്തോള്‍ വിശ്വസാഹിത്യകാരനായി. തകഴിയും അങ്ങനെതന്നെ. മഹാകവി ഇന്ന്, ഈ സമയത്ത് തകഴിയെ അനുഗ്രഹിക്കുന്നുണ്ടാവും, എന്ന് കടമ്മനിട്ട പ്രസ്താവിച്ചു. ‘അധികാര’ത്തിന്റെ കാര്യം കടമ്മനിട്ട ആവര്‍ത്തിച്ചു. ബഷീറിനു പണ്ട് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കയുണ്ടായി.
കണ്ണു നന്നായി കാണാന്‍ വയ്യാ. ചെവിക്കുമുണ്ട് കുഴപ്പം. ബുദ്ധിക്കു തകരാറുണ്ടാകരുതേ എന്നാണു തന്റെ പ്രാര്‍ത്ഥന എന്നു തകഴി ആദ്യമേ പറഞ്ഞു. തനിക്കു കുളിര് നല്കിയ പുരസ്കാരമായിരുന്നു എഴുത്തച്ഛന്റെ പേരില്‍ ലഭിച്ചത്. ഇതും അങ്ങനെതന്നെ. മലയാളത്തിനു ഞാന്‍ എന്തുചെയ്തു. തകഴി ചോദിച്ചു. കുറച്ചുകഥകള്‍ എഴുതി; മണ്ടന്‍ കഥകള്‍. പക്ഷേ, നിറഞ്ഞ ആത്മാര്‍ത്ഥതയോടുകൂടി മാത്രമേതാന് എന്തും എഴുതിയിട്ടുള്ളുവെന്നും തകഴി പറഞ്ഞു. അതുമാത്രമാണ്, തന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനം വാങ്ങുന്നതിനു സാക്ഷ്യം വഹിക്കാന്‍ ശ്രീമതി തകഴിയും എത്തിയിരുന്നു.