‘എന്നെക്കാള്‍ മൂന്നു വയസ്സുമാത്രമാണ് വയലാറിന് കൂടുതലുള്ളത്. സമപ്രായക്കാരെന്നു പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങേണ്ടിവരുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല’ എന്ന് അദ്ദേഹം തുടര്‍ന്നു.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
നവംബര്‍, 1984
ചേര്ത്തലപ്രദേശത്തുകൂടി കടന്നുപോയാല്‍ വയലാര്‍ രാമവര്‍മ്മയുടെ വീട്ടില്‍ കയറുക പതിവാണ്. കളവംകോടം ബാലകൃഷ്ണനുമൊന്നിച്ച് അവിടെയെത്തി. 88 കാരിയായ, വയലാറിന്റെ അമ്മയുമായി കുറച്ചുനേരം സംസാരിക്കുന്നത് ഒരു രസമാണ്. അല്പം കേള്‍വിക്കുറവുണ്ട്. ഓര്മ്മയ്ക്കുമുണ്ട് സ്വല്പം തകരാറ്. എങ്കിലും നല്ല ആരോഗ്യം. എന്താണ്, അവരുടെ ആരോഗ്യത്തിന്റെ രഹസ്യം? ഭക്ഷണം കഴിക്കുന്നില്ല എന്നതാവാം. കുട്ടന് മരിച്ചതില്‍പ്പിന്നെ ഒമ്പതു വര്‍ഷമായി ചോറ് തൊട്ടിട്ടില്ല. മൂന്നാലു തുടം പാലും ഒന്നോ ഒന്നരയോ പഴവും മാത്രം. പ്രധാന ഹോബി ഫോണ്‍ ആണെന്നു തോന്നുന്നു. ചേര്ത്തലയിലുള്ളവരെ മാത്രമല്ല, ട്രങ്ക്കോള്‍ ബുക്കുചെയ്ത് കേരളത്തിലും പുറത്തുമുള്ളവരെയൊക്കെ വിളിച്ചു സംസാരിക്കണം.
ഏപ്രില്‍ 1989
വയലാറിനുപോകുന്ന കാര്യം കഴിഞ്ഞപ്രാവശ്യം ഞാന്‍ എഴുതിയിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ 61-ാം ജന്മദിനാഘോഷം, കവിയരങ്ങ്, സിംപോസിയം, വയലാര്‍ അവാര്‍ഡ് ജേതാക്കള്‍ക്കു സ്വീകരണം, അനുസ്മരണ സമ്മേളനം എന്നിങ്ങനെയാണ് പരിപാടി. രാവിലെ 9.30-നു തുടങ്ങും. വയലാര്‍ പി.ആര്.സി. സംഘടനയാണ് സംഘാടകര്‍. രണ്ടു ചെറുപ്പക്കാര്‍ രണ്ടാഴ്ചയ്ക്കുമുമ്പ് എന്നെ ക്ഷണിക്കാന്‍ വന്നു. ഞാന്‍ സമ്മതിച്ചു. എന്റെ ഭാര്യയും ചെല്ലാമെന്നു (പ്രസംഗിക്കാനല്ല) സമ്മതിക്കയുണ്ടായി. വയലാറിന്റെ വീട്ടില്‍ പോകുന്നത് ഭാര്യയ്ക്ക് സന്തോഷമുള്ള കാര്യമാണ്.
ക്ഷണിക്കാന്‍ വന്നപ്പോള്‍ അച്ചടിച്ച ഒരു കടലാസ് തന്നിരുന്നു. അതില്‍ വലിയക്ഷരത്തില് (നിറം ചുവപ്പ്) വയലാര്‍ രാമവര്‍മ്മ ‘ഷഷ്ഠ്യബ്ദപൂര്‍ത്തി’ ആഘോഷക്കമ്മറ്റി എന്നച്ചടിച്ചിരുന്നു (ഷ്ട അല്ല ഷ്ഠ തന്നെ). മൂന്നാം പ്രാവശ്യം കിട്ടിയ കത്തില്‍ 61-ാം ജന്മദിനമായി സിമ്പോസിയത്തെ ‘സിംബോസിയ’മാക്കി എന്നുമാത്രം. പി.ആര്. സി. എന്നുവച്ചാെലന്താണെന്നു ഞാന്‍ ചോദിച്ചിരുന്നില്ല. ഒരു സാഹിത്യസംഘടന എന്നുമാത്രം കരുതി. വയലാറിലെത്തി അന്വേഷിച്ചപ്പോഴാണ് പി.ആര്.സി. ഫിസിക്കല്‍ റിക്രിയേഷന്‍ സെന്റര്‍ ആണെന്നറിഞ്ഞത്. ആ സ്ഥിതിക്ക് ‘ട’ യും ‘ഠ’ ‘ പ’ യും ‘ബ’ യും ഒന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ.
എനിക്കു രാവിലെയോ ഉച്ചയ്ക്കുപോലുമോ വയലാറിലെത്താന് കഴിഞ്ഞില്ല. അനുസ്മരണസമ്മേളനത്തില്‍ പ്രസംഗിച്ചാല്‍ മതി. അത് ആറരയ്ക്കാണ്. കേന്ദ്രമന്ത്രി കൃഷ്ണകുമാറാണ് ആ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത്. ഞാന്‍ അഞ്ചരയ്ക്കുതന്നെ എത്തിച്ചേര്‍ന്നു. രാഘവപ്പറമ്പിലേക്ക് കയറിയപ്പോള്‍ ടി.വി.ക്കാര് മടങ്ങുന്നതുകണ്ടു. സംഗതി പിടികിട്ടിയില്ല. ചില സാഹിത്യകാരന്മാര് അവിടെ ഉണ്ടായിരുന്നു. അവരോടന്വേഷിച്ചു. കൃഷ്ണകുമാര്‍ അഞ്ചിനുമുമ്പുതന്നെ എത്തി; ഒരു ആശംസാ പ്രസംഗം നടത്തിയിട്ടു സ്ഥലംവിടുകയും ചെയ്തു എന്നു മറുപടി ലഭിച്ചു.
അവാര്‍ഡ് ജേതാക്കള്‍ക്കു പ്രത്യേക സ്വീകരണം വേണ്ടെന്നുവച്ചു. തകഴി, മലയാറ്റൂര്‍, എം.ടി., വിലാസിനി, ഒ.എന്‍.വി., പി.കെ.ബാലകൃഷ്ണന്, സുഗതകുമാരി, തിരുനല്ലൂര്‍ എന്നീ എട്ടുപേരുടെ പേരുകളാണ് വച്ചിരുന്നത്. ആകെയുള്ള 12 പേരില്‍ അന്തര്‍ജ്ജനം, കക്കാട്, വൈലോപ്പിള്ളി, എന്‍.കൃഷ്ണപിള്ള എന്നിവര്‍ ഇന്നില്ല. വിലാസിനി യോഗത്തിനു പോകില്ല. രണ്ടുമൂന്നു പേര്‍ക്ക് അസുഖം. തകഴിയും ഒ.എന്‍.വി.യും തിരുനല്ലൂരും വന്നിരുന്നു.
മന്ത്രിയുടെ പണിയാണെനിക്ക് കിട്ടിയത്- ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് വി.ആര്.ഗോപാലകൃഷ്ണന് അദ്ധ്യക്ഷനും. സി.പി.ശ്രീധരന്റെ ആശംസാപ്രസംഗം. തകഴിയും ഒ.എന്‍.വി.യും തിരുനല്ലൂരും പ്രസംഗിച്ചു. ‘വയലാറിനെ ഞാന്‍ എന്നും കുട്ടന് എന്നേ വിളിച്ചിട്ടുള്ളു, രാമവര്‍മ്മ എന്നു വിളിച്ചിട്ടില്ല. വയലാര്‍ എന്നു പറഞ്ഞാല്‍ സ്നേഹം; അപ്പടിസ്നേഹം. സ്നേഹത്തിനതിരില്ല’ എന്നു പറഞ്ഞാണ് തകഴി തുടങ്ങിയത്. വയലാര്‍ സിനിമയിലേക്കുപോയതു സാഹിത്യത്തിനു നഷ്ടമായി എന്ന് മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ പറഞ്ഞിട്ടുള്ളതിനോട് താന്‍ യോജിക്കുന്നില്ലെന്ന് തകഴി പറഞ്ഞു. വയലാറിന്റെ ഓരോ ഗാനവും കവിത തുളുമ്പുന്നതായിരുന്നു എന്ന് തകഴി കൂട്ടിച്ചേര്‍ത്തു.
വയലാര്ഗ്രാമത്തിന് സ്വാതന്ത്ര്യസമരചരിത്രത്തില്‍ മറക്കാനാവാത്ത സ്ഥാനമുണ്ടെന്നും ഇത്തരം സമരങ്ങളുടെ വായു ആണ് സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുത്തതെന്നും ഒ.എന്‍.വി. പ്രസ്താവിച്ചു. ‘എന്നെക്കാള്‍ മൂന്നു വയസ്സുമാത്രമാണ് വയലാറിന് കൂടുതലുള്ളത്. സമപ്രായക്കാരെന്നു പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങേണ്ടിവരുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല’ എന്ന് അദ്ദേഹം തുടര്‍ന്നു. (1982-ലെ വയലാര്‍ അവാര്‍ഡ് ഒ. എന്‍. വി. ക്കായിരുന്നു.)
തിരുനല്ലൂര്‍, വിദ്യാര്ത്ഥിയായിരുന്നകാലത്ത് വയലാര്ഗ്രാമം കാണാന്‍വന്ന കഥ വിസ്തരിച്ചു: ‘കൊല്ലത്തുനിന്നു ബോട്ടില്‍ ആലപ്പുഴയിലെത്തി. അവിടെനിന്ന് ചേര്‍ത്തല. എന്നിട്ട് ‘വയലാര്‍ പുന്നപ്ര’ എവിടെയാണെന്നന്വേഷിച്ചു. പിന്നീടാണ് മനസ്സിലായത് രണ്ടും രണ്ടിടത്താണെന്ന്. താന്‍ കവിയരങ്ങില്‍ വായിച്ച ‘അസഹനീയമാംവിധം ദൈര്‍ഘ്യമുള്ള കവിത’ പോലെയാവില്ല പ്രസംഗം എന്ന് സദസ്യര്‍ക്ക് ഉറപ്പുകൊടുത്തുകൊണ്ടാണ് തിരുനല്ലൂര്‍ പ്രസംഗം തുടങ്ങിയത്. കവിതയ്ക്ക് അരമണിക്കൂര്‍ എടുത്തെങ്കിലും പ്രസംഗം 25 മിനിറ്റില്‍ തീര്‍ത്തു. അപ്പോള്‍ സമയം രാത്രി ഒന്‍പതര.
അഞ്ചുമിനിറ്റില്‍ തീര്‍ത്ത എന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വയലാറുമായുള്ള ബന്ധം മാത്രമേ അനുസ്മരിച്ചുള്ളു. 1947 മെയ് മധ്യത്തില്‍ സെന്ട്രല്ജയിലില്നിന്നിറങ്ങിയിട്ട്, വീട്ടില്‍പോയി മാതാപിതാക്കന്മാരെ കാണുന്നതിനുമുമ്പുതന്നെ ഞാന്‍ വയലാറിലേക്കാണ് വന്നത്; എന്നോടൊപ്പം ജയില്‍ വിമുക്തനായ പൊന്‍കുന്നം വര്ക്കിയുമൊന്നിച്ച്. അന്നാണു ഞാന്‍ കുട്ടന് എന്ന രാമവര്‍മ്മയെ ആദ്യം കാണുന്നത്. അന്ന് കുട്ടന് 19 വയസ്സേ ഉള്ളു. അവിടെ തുടങ്ങിയ ബന്ധം മരിക്കുംവരെ (1975 ഒക്ടോബര്‍ 27) തുടര്‍ന്നു. പിറ്റേന്നു സംസ്കാരകര്‍മ്മം കഴിഞ്ഞാണ് വയലാറില്‍നിന്നും മടങ്ങിയത്.
പിന്നെയും ഞങ്ങള്‍ (ഭാര്യയും ഞാനും) വയലാറിന്റെ വീട്ടില്‍ പോയിരുന്നു. കുട്ടന്റെ അമ്മയുമായി കുറെനേരം ചെലവഴിക്കുന്നതു വലിയ കാര്യമായി കരുതി. ഇപ്രാവശ്യം എന്നെ കണ്ടയുടനെ വയലാറിന്റെ പത്നി ചോദിച്ചത്, ഞാന്‍ തന്നെ വന്നത് എന്തുകൊണ്ടാണെന്നാണ്. (സഹോദരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് എന്റെ ശ്രീമതിക്കു പെട്ടെന്ന് യു. എസ്സ്. ലേക്കു പോകേണ്ടിവന്നു.) വയലാറിന്റെ വീട്ടില്‍ കുറെസമയം ഞാന്‍ ചെലവഴിച്ചു. മകന് ശരച്ചന്ദ്രനും പെണ്‍മക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വല്ലാത്ത ഒരു ശൂന്യത തോന്നി; അമ്മയുടെ അഭാവം.