(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 18, 1997
രണ്ടുമാസത്തോളം ഞാന്‍ ഡി.സി. ബുക്സിന്റെ ഓഫീസില്‍ ഇല്ലാതിരുന്നു. ആ സമയത്ത് പുറത്തുവന്ന പുതിയ പുസ്തകങ്ങളുടെ എണ്ണവും പ്രകൃതവും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അതില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് വി.ടി. ഭട്ടതിരിപ്പാടിന്റെ സമ്പൂര്‍ണകൃതികളാണ്. വി.ടി.യുടെ ലേഖനങ്ങളും കഥകളും നാടകവും കത്തുകളും എല്ലാമടങ്ങിയ കൃതി. ഒട്ടുവളരെ ഫോട്ടോകളും നമ്പൂതിരിയുടെ ചിത്രങ്ങളും മനോഹരമായ അച്ചടിയുമെല്ലാം സമ്പൂര്ണകൃതികളെ (വില 250 ക.) ഇക്കൊല്ലത്തെ ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു.
പക്ഷേ, പ്രകാശനം വി.ടി.യുടെ ജന്മനാടായ മേഴത്തൂരിലാണ് വച്ചിരിക്കുന്നത്. അത് മാര്‍ച്ച് 28-ന്. മാര്‍ച്ച് 26 ആണ് യഥാര്‍ത്ഥ ജന്മദിനം; അതും 100 വര്‍ഷം തികയുന്ന സുപ്രധാന ജന്മദിനം. ഇത്ര പ്രധാനപ്പെട്ട ജന്മദിനം 28-നു വച്ചിരിക്കുന്നതുകണ്ടപ്പോള്‍ എനിക്ക് സ്വല്പം വിഷമം തോന്നി. 26-ന് ഒന്നുമില്ലതാനും. ചരിത്രപ്രസിദ്ധമായ 26-നെ അങ്ങനെ വിട്ടുകൂടെന്ന് എനിക്കു തോന്നി. അതിനുള്ള പരിപാടി പെട്ടെന്ന് ആസൂത്രണം ചെയ്തു. പിന്നെ മൂന്നുദിവസമേയുള്ളു. വി.ടി.യോടൊന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ഇ.എം.എസ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചടങ്ങിനെപ്പറ്റിയാണ് ആലോചിച്ചത്. തലസ്ഥാനനഗരിയിലെ പത്രക്കാരെയും പ്രധാന എഴുത്തുകാരെയും വിവരമറിയിച്ചു. 26-ാം തീയതി രാവിലെ 10 മണിക്ക് ഇ.എം.എസ്സിന് സമ്പൂര്‍ണകൃതികള്‍ വീട്ടില്‍ സമര്‍പ്പിക്കുക എന്നതായിരുന്നു ചടങ്ങ്. രവി ഡീസി, പുസ്തകം അദ്ദേഹത്തിനു സമര്‍പ്പിച്ചു. ഇ.എം.എസ്. മൂന്നു മിനിറ്റ് സംസാരിക്കയും ചെയ്തു. പത്രങ്ങളും ആകാശവാണിയും ദൂരദര്‍ശനും ഏഷ്യാനെറ്റുമൊക്കെ നല്ല പ്രചാരം നല്കി. എനിക്ക് യാത്ര ചെയ്യാനുള്ള സുഖം കിട്ടിയിരുന്നില്ല. എങ്കിലും ചടങ്ങ് ഭംഗിയായി. 28-നു മേഴത്തൂരെ യോഗത്തില്‍വച്ച് സമ്പൂര്‍ണകൃതി പ്രകാശിപ്പിച്ചത് ടി. പത്മനാഭനായിരുന്നു.