ചന്ദ്രനോട് രാഹുകാലത്തിനു ജ്യോതിഷത്തിലുള്ള സ്ഥാനത്തെപ്പറ്റി ഞാന്‍ തിരക്കി. തികച്ചും അനാവശ്യമായ ഒരേര്പ്പാടാണതെന്ന് അദ്ദേഹം വിശദീകരിച്ചു. തമിഴരുടെ ഇടയില്‍ എങ്ങനെയോ കടന്നുകൂടിയ ഒരു അന്ധവിശ്വാസം, ആഫ്രിക്കന്പായല്പോലെ കേരളത്തില്‍ കടന്നുകൂടിയതാണത്രെ.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ആഗസ്റ്റ് 17, 1986
‘ഒരു തേങ്ങലോടെ ഇരുമ്പുഗേറ്റിന്റെ പാളികള്‍ അകന്നു. ഒന്നര വര്‍ഷത്തിനുശേഷം വീണ്ടും സൈറന്റെ ആരവം. ഗേറ്റില്‍ കാത്തുനിന്നവരുടെ മനസ്സിലെ മൂളിപ്പാട്ടിനൊത്ത് നേര്‍ത്ത ഗാനവുമായി വന്ന ചാറ്റല്‍മഴ. തിങ്കളാഴ്ച (ജൂലൈ 14) രാവിലെ ഒമ്പതുമണിക്ക് പെരുമ്പാവൂര്‍ റയോണ്‍സിന്റെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി.’ ഒരു തിരുവനന്തപുരം പത്രത്തിലെ വാര്‍ത്ത തുടങ്ങുന്നതിങ്ങനെയാണ്. പണ്ട്, സി.വി.യും ചന്തുമേനോനുമൊക്കെ നോവലെഴുതുന്ന മട്ടുണ്ട്. നന്ന്.
ചുരുക്കം ഇത്രയേ ഉള്ളു. ഒന്നര വര്‍ഷമായി അടച്ചിട്ടിരുന്ന ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
എന്നിട്ടോ? ആദ്യഘട്ടത്തില്‍ 159 പേര്‍ക്കു മാത്രമാണ് ജോലിക്കു പ്രവേശനം ലഭിച്ചത്; ആകെ 2000 പേരെങ്കിലും ഉണ്ടായിരുന്നിരിക്കണം.
ജോലി ലഭിച്ചവര്‍ ഏഴരമണിക്കു മുമ്പ് മെയിന്‍ ഗേറ്റില്‍ എത്തിയിരുന്നു. ഒമ്പതുമണി കഴിഞ്ഞ് പ്രവൃത്തി തുടങ്ങുകയും ചെയ്തു. തിങ്കളാഴ്ച 7.30 മുതല്‍ 9 വരെ രാഹുകാലമാണെന്ന് ഓര്‍മ്മിക്കുക വിപ്ലവകാരികളായ നേതാക്കന്മാരില് നയിക്കപ്പെട്ടിരുന്ന, അഥവാ നയിക്കപ്പെടുന്ന, പുരോഗമനാശയക്കാരെന്നു കരുതപ്പെടുന്ന, തൊഴിലാളികളുടെ കഥയാണിത്.
കല്യാണങ്ങള്‍ക്കു രാഹുകാലത്തെ ഭയമാണ്. പണ്ടൊക്കെ ഈ രോഗം ഹിന്ദുക്കളെയാണ് കാര്യമായി ബാധിച്ചിരുന്നത്. ഇപ്പോള്‍ ക്രിസ്ത്യാനികളാണ് മുന്നില്‍. സാധാരണ ക്രിസ്ത്യാനിയല്ല, വൈദികനും മെത്രാനുമൊക്കെത്തന്നെ.
ഒട്ടുവളരെ കല്യാണങ്ങള്‍ ഞായറാഴ്ചയാണു നടക്കുക. പ്രത്യേകിച്ചു പള്ളികളില്‍. 4-നും 6-നും ഇടയ്ക്കാണ്, ഞായറാഴ്ച രാഹുകാലം. ഈ അപകടമേഖലയില്‍ തൊടാതെ വേണം കല്യാണച്ചടങ്ങുകള്‍ നടത്താന്‍. അതും പോരാ, വധൂവരന്മാര് കല്യാണം കഴിഞ്ഞ് വീട്ടില്‍ കാലെടുത്തു കുത്തുന്നതും 4-30-നു മുമ്പോ 6-നു ശേഷമോ വേണം.
ഈയിടെ എനിക്കുതന്നെ ഒരു കല്യാണക്കാര്യത്തില്‍ ഇടപെടേണ്ടിവന്നു. എന്നിട്ട് ഞാന്‍ പരാജയപ്പെട്ടു. രണ്ടു തലയ്ക്കലുമുള്ള ആളുകളുടെ- പെണ്ണിന്റെയും ചെറുക്കന്റെയും-മാത്രമല്ല, അവരുടെ അച്ഛനമ്മമാരുടെയും അമ്മാവന്മാരുടെയും അപ്പൂപ്പന്മാരുടെയുമൊക്കെ അഭിപ്രായത്തെ ആദരിക്കേണ്ടിവന്നു.
രണ്ടുദിവസംമുമ്പ് എന്റെ അടുക്കല്‍ ഒരു ജ്യോതിഷപണ്ഡിതന് വന്നു. ഫാക്ടിലെ കെ.എസ്.ചന്ദ്രന് എന്ന എന്‍ജിനീയര്‍. ചന്ദ്രനോട് രാഹുകാലത്തിനു ജ്യോതിഷത്തിലുള്ള സ്ഥാനത്തെപ്പറ്റി ഞാന്‍ തിരക്കി. തികച്ചും അനാവശ്യമായ ഒരേര്പ്പാടാണതെന്ന് അദ്ദേഹം വിശദീകരിച്ചു. തമിഴരുടെ ഇടയില്‍ എങ്ങനെയോ കടന്നുകൂടിയ ഒരു അന്ധവിശ്വാസം, ആഫ്രിക്കന്പായല്പോലെ കേരളത്തില്‍ കടന്നുകൂടിയതാണത്രെ.
ജീവിതത്തില്‍ ഒരിക്കലും സ്വന്തം കാര്യത്തിനു രാഹുകാലം നോക്കിയിട്ടില്ലാത്ത കൂട്ടത്തിലാണ് ഞാന്‍ രാഹുകാലം നോക്കിയിരുന്നെങ്കില്‍ ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങളില്‍ പകുതിപോലും ചെയ്യാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ രംഗങ്ങളിലും തൊണ്ണൂറ്റേഴു ശതമാനമെങ്കിലും വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ഇന്ത്യക്കാരുടെ ഏറ്റവും വലിയ ശാപമായിട്ടാണ് നക്ഷത്രങ്ങളുടെയും രാഹുകാലത്തിന്റെയും പുറകെ പോകുന്ന ഏര്‍പ്പാടിനെപ്പറ്റി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞിട്ടുള്ളത്. എങ്കിലും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാരില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും ഈ അന്ധവിശ്വാസങ്ങളുടെ അടിമകളായിരുന്നു; അടിമകളാണ് എന്നു നമുക്കറിയാം.
മൂന്നുനാലു ദിവസം മുമ്പ് എന്റെ പെങ്ങളുടെ മകളുടെ കല്യാണമുണ്ടായിരുന്നു. പതിമൂന്നാം തീയതി ഞായറാഴ്ചയായിരുന്നു. എല്ലാവര്ക്കും സൗകര്യം. പക്ഷേ, അളിയനു പതിമൂന്നിനോട് ഇഷ്ടമില്ല. അദ്ദേഹം അമേരിക്കയിലായിരുന്നു, കുറെക്കാലം. അവിടെ പതിമൂന്നുവര്ജ്യമാണ്.
13-ാം തീയതി ഞങ്ങളുടെ (ഡി.സി. ബുക്സ്) ശ്രീകുമാറിന്റെ കല്യാണമായിരുന്നു. വധു ശ്രീലത. കല്യാണം നടത്തിയത് ശ്രീരംഗം ആഡിറ്റോറിയത്തിലും. മൂന്നു ‘ശ്രീ’ ഒരുമിച്ച്. അതുകൊണ്ടല്ല, പതിമൂന്ന് തിരഞ്ഞെടുത്തത്; ശ്രീകുമാറിന്റെ പിതാവ് ഡോക്ടര്‍ എ.ജി.നായര്‍ അമേരിക്കയില്‍ താമസിച്ചിട്ടില്ല എന്നതുതന്നെ കാരണം.
ഇനി മറ്റൊരു കുഴപ്പം കര്ക്കടകമാസത്തിന്റേതാണ്. കര്‍ക്കടകത്തില്‍ കല്യാണം നടത്തിയാല്‍ വലിയ കുഴപ്പമാണെന്നാണ് പലരും ധരിച്ചുവച്ചിട്ടുള്ളത്. പണ്ട് കര്‍ക്കടകം പഞ്ഞമാസമായിരുന്നു. അതില്നിന്നുണ്ടായതാവണം ഈ വിശ്വാസം.
അടുത്തകാലത്ത് അന്തരിച്ച, പ്രശസ്ത ആയുര്‍വേദ പണ്ഡിതനായിരുന്ന, പാപ്പിവൈദ്യന്റെ കാര്യം ഓര്‍മവരുന്നു. കര്‍ക്കടകത്തില്‍ കല്യാണം നിഷിദ്ധമെന്നു കരുതിയിരുന്ന ആളാണ് അദ്ദേഹം. ഒപ്പം കമ്യൂണിസ്റ്റ്വിരോധവും. മാമ്മന്‍ മാപ്പിളയെപ്പോലെ കമ്യൂണിസത്തെ ‘ശത്രു നമ്പര്‍ വണ്‍’ ആയി കരുതിയിരുന്നദ്ദേഹം. ഒടുവില്‍ അദ്ദേഹത്തിന്റെ മകന് മാര്‍ക്സിസ്റ്റ് എം.എല്‍.എ.യുടെ മകളെ കര്‍ക്കടകം ഒന്നാം തീയതി കല്യാണം കഴിച്ചു. എന്നിട്ടവര്‍ സുഖമായി കഴിയുകയും ചെയ്യുന്നു.
മിനിയാന്ന് ഒരു കല്യാണത്തിനു പോയപ്പോള്‍ വിദ്യാര്ത്ഥിമിത്രത്തിലെ കോശി ജോണ്‍ പറഞ്ഞ കഥകൂടി ഇവിടെ പറയാം. അദ്ദേഹത്തിന് ഒരു ജനുവരി ഒന്നാം തീയതി ഒരു കേസിനു കോടതിയില്‍ പോകേണ്ടിവന്നു. അക്കൊല്ലം 58 പ്രാവശ്യം കോടതിയില്‍ പോകേണ്ടിവന്നുവത്രെ.
ഞാന്‍ പുതിയൊരു വീടു വച്ചപ്പോള്‍ താമസം തുടങ്ങിയത് ഒരു ജനുവരി 1-നാണ്. നാല്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ നാഷണല്‍ ബുക് സ്റ്റാള്‍ തുടങ്ങിയതും ജനുവരി ഒന്നിനുതന്നെ. ഏതായാലും കോശിയുടെ അനുഭവമായിരുന്നെങ്കില് ഞാന്‍ വിഷമിച്ചേനെ. 1986 ജനുവരി 1-നു ഞാന്‍ എന്തു ചെയ്തു എന്നു ഡയറിനോക്കി. രണ്ടു സംഗതി കണ്ടുപിടിച്ചു. കുങ്കുമത്തിനു ചെറിയ കാര്യങ്ങളും മനോരാജ്യത്തിനു ‘കറുപ്പും വെളുപ്പും’ എഴുതി. 52 പ്രാവശ്യം ഇതു രണ്ടും എഴുതേണ്ടിവരും. എന്നാലും 58-നെക്കാള്‍ ഭേദം.