( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1993 ജൂലൈ 23
ജൂലൈ 19-ന് നാലപ്പാട്ട് ബാലാമണി അമ്മയ്ക്ക് 84 തികഞ്ഞു. നാള് (ആയില്യം) അനുസരിച്ച് ജന്മദിനം 21-ാം തീയതിയായിരുന്നു. രണ്ടുനാലു ദിവസംമുമ്പ് ഒരു വീഴ്ചയില്‍ കാലിനു ചില്ലറ മുറിവുകള്‍ പറ്റിയ ബാലാമണിഅമ്മയ്ക്ക് ജന്മദിനത്തില് ക്ഷേത്രദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും, എറണാകുളത്തെ സാഹിത്യകാരന്മാര് സി.പി.ശ്രീധരന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള പ്രസാദം അമ്മയ്ക്ക് എത്തിച്ചുകൊടുത്തു. സാഹിത്യപരിഷത്ത് ഹാളില്‍ ആശംസാസമ്മേളനവും നടത്തി.
മലയാളത്തിന്റെ അമ്മയായ കവയിത്രിക്ക് എന്റെ ആശംസകളുംകൂടി അര്‍പ്പിക്കട്ടെ. ബാലാമണി അമ്മയ്ക്ക് ശതാഭിഷേക മംഗളം നേര്‍ന്നുകൊണ്ട് അയ്യപ്പപ്പണിക്കര്‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍നിന്നു രണ്ടുവരി ഉദ്ധരിക്കാം: ”84 കൊല്ലം ജീവിച്ചിരുന്നതിലല്ല, അതില്‍ 84-ഉം കാവ്യരചനകൊണ്ട് അര്‍ത്ഥവത്താക്കി എന്നതിലാണ് നമുക്കു സന്തോഷം.” ഇതു കണ്ടപ്പോള്‍ എനിക്കൊരു സംശയം. ബാലാമണിഅമ്മ ജനിച്ച ഉടനെതന്നെ കാവ്യരചന തുടങ്ങിയിരിക്കണം എന്ന്. അതു പറഞ്ഞപ്പോള്‍ വി.വി.വര്‍ക്കിയുടെ കാര്യം ഓര്‍മ്മവന്നു (ആരാണ് വി.വി.വര്‍ക്കി എന്നു നിങ്ങള്‍ ചോദിച്ചേക്കും. ഒരു പഴയ സ്വാതന്ത്ര്യസമരനായകന്. അക്കമ്മ ചെറിയാന്റെ ഭര്‍ത്താവ്. എം.എല്‍.എ.യുമായിരുന്നു. നാലഞ്ചുവര്‍ഷം മുമ്പ് നിര്യാതനായി).
ഒരിക്കല്‍ കുറച്ചു സ്വാതന്ത്ര്യസമരസേനാനികള്‍ വട്ടംകൂടിയിരുന്നു പൊങ്ങച്ചം പറയുകയായിരുന്നു. താന്‍ സ്കൂള്വിദ്യാര്ത്ഥിയായിരിക്കുന്ന കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു എന്ന് ഒരാള്‍ പറഞ്ഞു. പെട്ടെന്നു വര്‍ക്കി ചാടിയെഴുന്നേറ്റു. ”എന്നോളം ചെറുപ്പത്തില്‍ നിങ്ങളാരും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരിക്കില്ല.” എന്താണിനി പറയുക എന്നറിയാന്‍ എല്ലാവരും ചെവികൂര്‍പ്പിച്ചിരുന്നു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ”അന്ന്, ഞാന്‍ ജനിച്ചിട്ട് പത്തോ മുപ്പതോ ദിവസമേ ആയിട്ടുള്ളു. ഞങ്ങളുടെ നാട്ടിലെ പാര്‍വത്യകാര്‍ (വില്ലേജ് അധികാരി) കൊച്ചിനെ കാണാന്‍ എത്തി. അമ്മ എന്നെ കൈകളിലെടുത്തു കാണിച്ചുകൊടുത്തു. ഞാന്‍ അയാളുടെ നെഞ്ചിനു തൊഴിച്ചു. അങ്ങനെ അധികാരത്തിനെതിരായ സമരം തുടങ്ങി.”