സാമ്പത്തികം എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ധരിച്ചുവച്ചിരുന്നതു ദാമ്പത്തികം എന്നാണുപോലും. നാല്പതു വര്‍ഷത്തിനപ്പുറത്തെ കഥയാണിത്. ഇന്നത്തെ അവസ്ഥ എന്താണ്? മാറ്റം മുന്നോട്ടോ പിന്നോട്ടോ!
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ജനുവരി, 1983
കുറച്ചുനാള്‍ മുമ്പ്, പി.എം.മാത്യുവെല്ലൂരിന്റെ ‘കുടുംബജീവിതം’ മാസികയില്‍ കൃഷ്ണന്റെ ഒരു കാര്‍ട്ടൂണ്‍ കണ്ടു — ദാമ്പത്യമാണു വിഷയം. കഥാനായകന് ആദ്യമേ പറയുന്നു. ‘ദാമ്പത്യം സാമ്പത്തികമാണ്…’എന്ന്.
അതു കണ്ടപ്പോള്‍ കുറച്ചു പഴയ ഒരു കഥ ഓര്‍മവന്നു. അന്ന്, തിരുവിതാംകൂര്‍ രാജ്യമാണ്. വിദ്യാഭ്യാസവകുപ്പിന്റെ മേധാവി സ്റ്റാത്താം എന്ന ഒരു സായിപ്പ്. അഞ്ചിനുമേല് പ്രായമുള്ള കുട്ടികള്‍ എല്ലാം സ്കൂളില്‍ പോകുന്നുണ്ടോ എന്നന്വേഷിക്കാന്‍ അദ്ദേഹം ഒരു സര്‍വേ നടത്തി. സെന്‍സസിന് അദ്ധ്യാപകന്മാരെ നിയോഗിക്കുന്നപോലെ ഇതിനും കുറെയധികം അദ്ധ്യാപകന്മാരെ തിരഞ്ഞെടുത്തു. അച്ചടിച്ച ഫാറമുണ്ട്. വിവരം ശേഖരിക്കാന്‍. ഒരു അദ്ധ്യാപകന് വീടുവീടാന്തോറും കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് എനിക്കു കാണാനിടയായി. സ്കൂളില്‍ പോകാത്തതിന്റെ കാരണം എഴുതിയിരിക്കുന്നത് (എല്ലാ ഫാറത്തിലും) ‘ദാമ്പത്തികം’ എന്നാണ്. സംഗതി, കുറെക്കഴിഞ്ഞു പിടികിട്ടി. സാമ്പത്തികം എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ധരിച്ചുവച്ചിരുന്നതു ദാമ്പത്തികം എന്നാണുപോലും. നാല്പതു വര്‍ഷത്തിനപ്പുറത്തെ കഥയാണിത്. ഇന്നത്തെ അവസ്ഥ എന്താണ്? മാറ്റം മുന്നോട്ടോ പിന്നോട്ടോ!
നാലു വര്‍ഷം മുമ്പ് നമ്മുടെ ഒരു വലിയ കോളേജില്‍ ഒരു മീറ്റിങ്ങിനു പോകേണ്ടിവന്നു. മീറ്റിങ്ങിനു മുമ്പ് അദ്ധ്യക്ഷതവഹിച്ച മാന്യദേഹം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍‘ എന്ന പുസ്തകത്തെപ്പറ്റി എന്നോടു ചില കാര്യങ്ങള്‍ ചോദിച്ചു. (അന്ന്, ആ പുസ്തകത്തിന്റെ പ്രശസ്തി ഉച്ചകോടിയില്‍ നില്ക്കുന്ന കാലമാണ്). ഞാന്‍ പറഞ്ഞു: ‘നല്ല വില്പനയുണ്ട്. ആവശ്യപ്പെടുന്നവര്‍ക്കു കോപ്പി നല്കാന് കഴിയാത്ത നിലയാണ്’ എന്നൊക്കെ.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രിന്‍സിപ്പല്‍ ചോദിച്ചതിങ്ങനെയാണ്: ‘അത് നോവലാണോ, കവിതയാണോ?’
ഈയിടെ ഒരു പ്രിന്‍സിപ്പലുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഗോദാവരിയുടെ ഉത്ഭവസ്ഥാനമായ ത്രൈ്യംബകത്തു പോയ കഥ പറയാന്‍വേണ്ടി ഞാനിങ്ങനെ തുടങ്ങി: ‘ഞാനങ്ങോട്ടു പോയത് നാസിക്കില്‍ നിന്നാണ്… സാര്‍ നാസിക്കില്‍ പോയിട്ടുണ്ടാവുമല്ലോ.’
പെട്ടെന്നു മറുപടി വന്നു: ‘ഇല്ല, ഞാന്‍ മദ്രാസ്വരെ മാത്രമേ പോയിട്ടുള്ളു.’ ഇപ്പറഞ്ഞ രണ്ടു പ്രിന്‍സിപ്പല്‍മാരും നിരവധി ബിരുദാനന്തരകോഴ്സുകളുള്ള കോളേജുകളുടെ അധിപന്മാരാണ്.
മൂന്നു വര്‍ഷം മുമ്പ്, തിരുവനന്തപുരത്ത് ആഥേഴ്സ് ഗില്‍ഡിന്റെ കണ്വെന്ഷന് കഴിഞ്ഞ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുവന്ന കുറെയേറെ ഗ്രന്ഥകര്‍ത്താക്കളെയും കൊണ്ട്, ചെമ്മനം ചാക്കോയും ഞാനുംകൂടി കന്യാകുമാരിക്കു പുറപ്പെട്ടു. ഇടയ്ക്ക് പാറശ്ശാലയില്‍ വണ്ടികള്‍ നിര്‍ത്തി കേരള-തമിഴ്നാട് അതിര്‍ത്തി കാണിച്ചുകൊടുക്കയുണ്ടായി.
കന്യാകുമാരിയില്‍ ചെന്ന്, വിവേകാനന്ദപ്പാറയുടെ മുകളിലെത്തി. ഗ്രന്ഥകര്‍ത്താക്കളില്‍ കുറെപ്പേര് സമുദ്രം ആദ്യമായി കാണുകയാണ്. കന്യാകുമാരിയില്‍ ഇന്ത്യന്‍ സമുദ്രവും അറേബ്യന്‍കടലും ബംഗാള്‍ ഉള്‍ക്കടലും സംയോജിക്കുന്നു എന്ന് ഇവര്‍ക്ക് നേരത്തെ പറഞ്ഞുകൊടുത്തിരുന്നു. പാറയില്‍ ചുറ്റിനടന്നശേഷം മൂന്നുപേര്‍ ഒരിടത്തുവന്നു നിലയുറപ്പിച്ചു. എന്നെ വിളിച്ച്, മൂന്നു സമുദ്രങ്ങളുടെയും അതിര്‍ത്തി കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു. (മൂവരും ഒട്ടുവളരെ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളും കോളേജ് അധ്യാപകരുമായിരുന്നു). പാറശ്ശാലയില്വച്ച് അതിര്‍ത്തി കാണിച്ചുകൊടുത്തിരുന്നുവല്ലോ, അതുകൊണ്ടിതും വിഷമം വരില്ലെന്നവര്‍ ധരിച്ചു.
വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒന്നും പഠിക്കാതിരിക്കുക. അതാണിന്നു പഠിപ്പിക്കാനുള്ള ഏറ്റം വലിയ യോഗ്യത എന്നാരോ പറഞ്ഞിട്ടില്ലേ? ഇല്ലെങ്കില്‍ ഞാന്‍ പറയുന്നു.