(‘കാലത്തിന്റെ നാള്‍വഴി‘യില്‍ നിന്നും) മെയ്15,1988
ഡിസംബര്‍ 28 വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ജനിച്ച ദിവസം- 100 വര്‍ഷം മുമ്പ്.ഈ ദിവസംതന്നെയാണ് ‘കോണ്‍ഗ്രസ്സിന്റെ 100 വര്‍ഷം’ എന്ന പുസ്തകം പ്രകാശിപ്പിക്കാനായി തിരഞ്ഞെടുത്തത്. ദിവസം മാത്രമല്ല ‘മുഹൂര്‍ത്ത’വും ഉണ്ടായിരുന്നു. ഒരു ജ്യോത്സ്യനും നിശ്ചയിച്ച മുഹൂര്ത്തമായിരുന്നില്ല എന്നു മാത്രം.100 വര്‍ഷം മുമ്പ് ബോംബെയിലെ ആദ്യസമ്മേളനം തുടങ്ങിയത് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു എന്നു മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. അതുകൊണ്ട് പുസ്തകപ്രകാശനത്തിന് ആ മുഹൂര്‍ത്തം തിരഞ്ഞെടുത്തു.
കൃത്യം 12 അടിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയിലെ മാധവിമന്ദിരത്തിന്റെ ലൈബ്രറിമുറിയില്വച്ച് ഡോ. ജി. രാമചന്ദ്രനാണ് കോണ്‍ഗ്രസ്സിന്റെ ചരിത്രം പ്രകാശനം ചെയ്തത്. മുഹൂര്ത്തംപോലെതന്നെ ഈ മുറിക്കുമുണ്ട് പ്രത്യേകത; കേരള സന്ദര്‍ശനത്തിനിടയില്‍ മഹാത്മാഗാന്ധി 1937 ജനുവരി 14-ാം തീയതി താമസിച്ച മുറിയാണിത്. ആദ്യപ്രതി സ്വീകരിച്ചത് എ.പി. ഉദയഭാനു ആയിരുന്നു. അങ്ങനെ ചടങ്ങിന് കറപുരളാത്ത രണ്ടു കോണ്‍ഗ്രസ്സുകാരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്.ഇപ്പോള്‍ ഇരുവരും പാര്‍ട്ടി അംഗത്വമുള്ള കോണ്‍ഗ്രസ്സുകാരല്ല.
ചടങ്ങിനു ചെറിയൊരു സദസ്സ് സന്നിഹിതരായിരുന്നു. രാമചന്ദ്രനും ഞാനും അവിടെ നാലഞ്ചുമിനിറ്റ് സംസാരിക്കുകയും ചെയ്തു. എങ്കിലും ഡോ. രാമചന്ദ്രന് പുസ്തകപ്രകാശനപ്രസംഗം നിര്‍വഹിച്ചത് വൈകുന്നേരം തിരുവനന്തപുരത്തായിരുന്നു.മുഹൂര്‍ത്തത്തില്‍ താലികെട്ടു ക്ഷേത്രത്തില്‍വെച്ചും മറ്റു ചടങ്ങുകള്‍ വൈകുന്നേരം ടൗണിലെ ഹാളില്‍വെച്ചും നടത്തുന്ന ഏര്‍പ്പാടുണ്ടല്ലോ. അതുപോലെയായിരുന്നു പുസ്തകപ്രകാശനം നടത്തിയതും.
പുസ്തകം സ്വീകരിച്ചത് ബോധേശ്വരനാണ്. കോണ്‍ഗ്രസ്സിന്റെ ശതാബ്ദിയാണ് അന്ന് ആഘോഷിച്ചതെങ്കില്‍ ബോധേശ്വരന്റെ ശതാഭിഷേകമായിരുന്നു ആ ദിവസം. ബോധേശ്വരനെ വൈ.എം.സി.എ.യില്‍ കൂടിയ സദസ്സ് അനുമോദിച്ചു. കാണാനും കേള്‍ക്കാനും നടക്കാനും വിഷമമുണ്ടെങ്കിലും ഊര്‍ജസ്വലതയ്ക്ക് കുറവില്ല.ഞങ്ങള്‍ തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയും ‘ഡിസംബര്‍ 28’ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ ബോംബെയില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ ശതാബ്ദിയാഘോഷം നടക്കുകയായിരുന്നു. അവിടത്തെ പ്രശസ്താതിഥി കോണ്‍ഗ്രസ്സിന്റെ പ്രായംതന്നെയുള്ള ഖാന് അബ്ദുള്‍ ഗഫാര്‍ ഖാന് ആയിരുന്നു എന്നു പറയേണ്ടല്ലോ.