( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 30-9-1990
‘ഇത്രയേറെ സമ്പന്നമായ ഒരു സദസ്സ് വി. ജെ. ടി. ഹാളില്‍ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല’ ഉദ്യോഗത്തില്‍നിന്നു പിരിയുന്ന കെ.അയ്യപ്പപ്പണിക്കര്‍ക്ക് ആശംസകള്‍ നേരുന്നതിനു കൂടിയ സദസ്സിനെ നോക്കി മന്ത്രി ടി.കെ.രാമകൃഷ്ണനാണിതു പറഞ്ഞത്. ഇതൊരു ഭംഗിവാക്കായിരുന്നില്ല. ഗവര്‍ണ്ണര്‍ ഡോ. സരൂപ്സിംഗാണ്, യോഗം ഉദ്ഘാടനം ചെയ്തത്. ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ താനിവിടെ വന്നത്, ഇതൊരു അപൂര്‍വ്വ അവസരമായതുകൊണ്ടാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ‘മഹാനായ ഒരു കവിയെ, ശ്രേഷ്ഠനായ ഒരധ്യാപകനെ ആദരിക്കുന്ന ഈ സായാഹ്നം എനിക്കു നഷ്ടപ്പെടുത്താനാവില്ല. താങ്കള്‍, ഒരു വൈസ് ചാന്‍സലര്‍ പദം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നു ഞാന്‍ അയ്യപ്പപ്പണിക്കരോടു ചോദിക്കുകയുണ്ടായി. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ‘ഇല്ല’ എന്നായിരുന്നു.
താങ്കള്‍ മറ്റെങ്ങും പോകേണ്ട: കവിത എഴുതിയാല്‍ മതി. അദ്ധ്യാപകനെ ഈ തലമുറ മാത്രം അറിയുമ്പോള്‍ കവിയെ വരുംതലമുറകളും അറിയും’- ഗവര്‍ണ്ണര്‍ തുടര്‍ന്നു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക വകുപ്പു മന്ത്രി പറഞ്ഞത്, പഠിപ്പിക്കാന്‍ പഠിച്ചിട്ടുള്ള അദ്ധ്യാപകനാണ് പണിക്കരെന്നാണ്. അദ്ധ്യാപകനെന്ന നിലയില്‍ അദ്ദേഹം വിജയിച്ചതിനു കാരണം ‘പഠിപ്പിക്കാന്‍ വേണ്ടി’ പഠിച്ചു എന്നതത്രെ. (ഇടയ്ക്ക് ഒരു രഹസ്യം: ചെറിയ കാര്യങ്ങളില്‍ ടി.കെ.യുടെ അതിപ്രസരം കടന്നുകൂടുന്നു എന്നു ചില വായനക്കാര്‍ എനിക്ക് എഴുതാറുണ്ട്. ഒരാഴ്ചയില്‍ ടി.കെ. പങ്കെടുക്കുന്ന രണ്ടു യോഗത്തിലെങ്കിലും ഞാനും സംബന്ധിക്കുന്നു എന്നതാണ് കാരണം. എങ്കിലും അതില്‍ പലതും ഞാന്‍ വിട്ടുകളയുകയാണ്, പതിവ്. പക്ഷേ, എല്ലാം വിട്ടുകളയാനാവില്ലതാനും.).
‘അയ്യപ്പപ്പണിക്കര്‍: വ്യക്തിയും കവിയും’എന്ന പേരില്‍ 26 ലേഖകന്മാര് തയ്യാറാക്കിയ അഭിനന്ദനഗ്രന്ഥം വൈസ്ചാന്‍സലര്‍ ഡോ. ജി. ബി. തമ്പി പ്രകാശിപ്പിച്ചു. മലയാള സാഹിത്യത്തിന്റെ അന്താരാഷ്ട്ര അംബാസഡറാണ് അയ്യപ്പപ്പണിക്കരെന്നു തമ്പി ചൂണ്ടിക്കാട്ടി. ഷഷ്ടിപൂര്ത്തിയാഘോഷത്തെ പരിഹസിച്ചുകൊണ്ട് അയ്യപ്പപ്പണിക്കര്‍ 1964-ലോ മറ്റോ രചിച്ച ഒരു കവിത വൈസ്ചാന്‍സലര്‍ ചൊല്ലുകയുണ്ടായി. (1996 സെപ്റ്റംബര്‍ 12-നു പണിക്കര്‍ക്ക് 60 വയസ്സു തികഞ്ഞു എന്നതു ശരിയാണ്. പക്ഷേ, ഇവിടെ നടന്നത് ഷഷ്ടിപൂര്‍ത്തി ആഘോഷമല്ല. ശുദ്ധ അഭിനന്ദനസമ്മേളനമാണ്. മറ്റേതായിരുന്നെങ്കില് കഥാപുരുഷന് യോഗത്തിന് വരില്ലായിരുന്നു എന്ന കാര്യം തീര്‍ച്ച.)
‘അയ്യപ്പപ്പണിക്കര്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. ഈ ചിരി എന്തിനെയാണ് ഒളിപ്പിക്കുന്നത്?’ ചോദ്യം പ്രശസ്ത ഗ്രന്ഥകര്‍ത്രിയായ മാധവിക്കുട്ടിയുടേതാണ്. ഇതു കേട്ടപ്പോളും പണിക്കര്‍ ചിരിച്ചുകൊണ്ടിരുന്നു. എം.കെ. സാനു പറഞ്ഞത്, തനിക്ക് ഇവിടെ സ്വല്പം സംസാരിക്കാന്‍ സമയം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ്. സാനു പണിക്കരുടെ കവിതകളെ വിശദമായി വിലയിരുത്തി. ‘ഗോ്രതദാനം’ അയ്യപ്പപ്പണിക്കരുടെ ഏറ്റവും മികച്ച കവിതയാണെന്നും അദ്ദേഹം പറഞ്ഞു.
സാനുവിനെപ്പോലെ വലിഞ്ഞു കയറിവന്നതല്ല താനെന്ന മുഖവുരയോടെയാണ് എം.വി.ദേവന് തുടങ്ങിയത്. ‘അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-69’ എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതിന് അവതാരിക എഴുതാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അമ്പരന്നു. പണ്ട് രാജാക്കന്മാരും തമ്പുരാക്കന്മാരുമൊക്കെയാണ്, അവതാരിക എഴുതിയിരുന്നത്. അതിനു പകരം ഒരു കമ്മാളനെ(തൊഴില്‍പരമായി)ക്കൊണ്ട് എഴുതിക്കാമെന്ന് നമ്മുടെ കവി നിശ്ചയിച്ചു. 1950-ല്‍ ‘കവിതയുടെ കൂമ്പടഞ്ഞു’ എന്നൊരു ലേഖനം എന്‍.വി. കൃഷ്ണവാരിയര്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിനു പ്രത്യാഖ്യാനങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും കവിതയുടെ കൂമ്പടഞ്ഞിട്ടില്ല എന്നു കവിതയില്‍കൂടി തെളിയിച്ച കവിയാണ് അയ്യപ്പപ്പണിക്കര്‍. എഴുത്തച്ഛന്, ഉണ്ണായിവാരിയര്‍, കുഞ്ചന്നമ്പ്യാര്, വള്ളത്തോള്‍ എന്നിവരുടെ ഗണത്തില്‍ ഭാവി ഉള്‍പ്പെടുത്തുന്ന പണിക്കരുടെ കവിതയുടെ മേന്മ, നിഗൂഢമായ ചാരുതയാണ് എന്ന് ദേവന് അഭിപ്രായപ്പെട്ടു.
അയ്യപ്പപ്പണിക്കര്സാറിന്റെ ധീരന്മാരായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്നറിയാനാണ് താനാഗ്രഹിക്കുന്നതെന്നു സാംസ്കാരിക വകുപ്പ് സെക്രട്ടറികൂടിയായ ടി.എന്‍. ജയചന്ദ്രന് പറഞ്ഞു. ‘വൈസ്ചാന്‍സലര്‍ സ്ഥാനം ഏതാനും വര്‍ഷം മുമ്പ് അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ ‘വേണ്ട’ എന്നു പറഞ്ഞ ധീരനാണ് എന്റെ പണിക്കര്‍സാര്‍’ നാലുവര്‍ഷം വൈസ് ചാന്‍സലറായിരുന്ന ജയചന്ദ്രന് ചൂണ്ടിക്കാട്ടി. ഡോ. കെ.രാധയും ബി.ആര്.സ്വരൂപും പ്രസംഗിച്ചു.
‘എനിക്കു തികച്ചും അപരിചിതനായ ഒരു വ്യക്തിയെപ്പറ്റി പറഞ്ഞു കേട്ട പ്രശംസകള്‍ക്കു മറുപടി പറയാനാണ് ഞാനിവിടെ നില്‍ക്കുന്നത്’-ഡോ.അയ്യപ്പപ്പണിക്കര്‍ മറുപടി പ്രസംഗം ആരംഭിച്ചു. അദ്ദേഹം തുടര്‍ന്നു: ‘ഇത്രയും നല്ല വാക്കുകള്‍ കേട്ടാല്‍ ലോകം വിട്ടുപോകാന്‍ ആര്‍ക്കും മടിതോന്നും. കവിയാകണമെന്ന ആഗ്രഹം കവിയാകും മുമ്പ് ഉണ്ടായിരുന്നു. 40 വര്‍ഷം ഞാന്‍ അദ്ധ്യാപകനായിരുന്നു. 40 വര്‍ഷം കവിയുമായിരുന്നു. അങ്ങനെ 80 വര്‍ഷം ജീവിച്ചു. കോടതിയുടെ വിധി കേട്ടിട്ടില്ലേ, കൊലപാതകത്തിനു 14 വര്‍ഷം കഠിന തടവ്, ഗൂഢാലോചനയ്ക്കു 10 വര്‍ഷം വെറും തടവ്. രണ്ടു ശിക്ഷകളും ഏകകാലത്ത് അനുഭവിച്ചാല്‍ മതി. അതുപോലായിരുന്നു എന്റെ 80 വര്‍ഷം.
‘ഞാനിപ്പോള്‍ ആത്മകഥ എഴുതുകയില്ല എന്നു പറയുന്നതുകൊണ്ട് പിന്നീട് എഴുതുകയില്ല എന്നര്‍ത്ഥമില്ല. എനിക്ക് ധാരാളം പരാജയം സംഭവിച്ചിട്ടുണ്ട്- കവിയെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും, എന്റെ വിദ്യാര്‍ത്ഥികളുമായി എന്നും ഞാന്‍ ചങ്ങാത്തത്തിലേ കഴിഞ്ഞിട്ടുള്ളു. എന്റെ ശിഷ്യന്മാരെ എന്റെ ഗുരുക്കന്മാരായിട്ടാണ് ഞാന്‍ കാണുക.’ ഡോ. കെ.എം.ജോര്‍ജ്ജ് (കമ്മിറ്റി ചെയര്മാന്) സ്വാഗതം പറഞ്ഞു. ഡോ.സരൂപ് സിംഗ് കേരളത്തിലെ ആദ്യത്തെ പ്രൊഫസര്‍ ഗവര്‍ണറാണെന്ന് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. സാംസ്കാരികവകുപ്പുമന്ത്രി രാമകൃഷ്ണനെ സംസ്കാരമുള്ള മന്ത്രി എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സ്വാഗതപ്രസംഗത്തിനിടയില്‍ ജോര്‍ജ്ജ് ഒരു രഹസ്യം പുറത്തു വിട്ടു.
സെപ്തംബര്‍ 30-നു കേരള സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ഒക്ടോബര്‍ ആദ്യം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഒരു ബൃഹദ്പദ്ധതിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കുകയാണ് — മദ്ധ്യകാലഭാരതീയ സാഹിത്യ (1100-1850) രത്നാകരം. (അക്കാദമിക്കുവേണ്ടി തയ്യാറാക്കുന്ന ആധുനിക ഭാരതീയ സാഹിത്യരത്നാകരത്തിന്റെ ചീഫ് എഡിറ്ററായിരുന്നു ജോര്‍ജ്ജ്. അതിന്റെ പണി തീര്‍ന്നിരിക്കുന്നു. 5000 പേജ് വരുന്ന ഒരു ആന്തോളജി). ഡോ. ജമീലാ ബീഗമാണ് നന്ദി പറഞ്ഞത്.
മലയാളകവിയും ഇംഗ്ലീഷ് അദ്ധ്യാപകനുമായ അയ്യപ്പപ്പണിക്കര്‍ക്ക് ആശംസ നേരാനുള്ള ഈ സമ്മേളനത്തില്‍ ഇംഗ്ലീഷിനായിരുന്നു പ്രാമുഖ്യം. ടി. കെ. രാമകൃഷ്ണന്, സാനു, ദേവന്, ജയചന്ദ്രന് ഇവര്‍ മലയാളത്തിലും മറ്റുള്ളവരെല്ലാം- സ്വാഗതവും കൃതജ്ഞതയും ഉള്‍പ്പടെ- ആശംസനേര്‍ന്നത് ഇംഗ്ലീഷിലുമായിരുന്നു, അയ്യപ്പപ്പണിക്കര്‍ മലയാളത്തില്‍തന്നെ മറുപടി പറഞ്ഞു. സെപ്തംബര്‍ 26-നായിരുന്നു യോഗം എന്നുകൂടി പറയട്ടെ. (1951-ല്‍ ബിരുദമെടുത്ത ഉടനെ പണിക്കര്‍ കോട്ടയത്ത് സി.എം.എസ്. കോളേജില്‍ അദ്ധ്യാപകനായി ചേര്‍ന്നു. പിറ്റേ വര്‍ഷം തിരുവനന്തപുരം യൂണി. കോളേജില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1965 ലാണ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലെക്ചററായത്. ’73-’80 കാലത്ത് റീഡറായും പിന്നെ ഡയറക്ടറായും പ്രവര്‍ത്തിക്കുകയുണ്ടായി. ഹൈസ്ക്കൂള് ക്ളാസില്വച്ചു കവിതാരചന ആരംഭിച്ചു. ’44-’47 കാലത്തെ കവിതകള്‍ ‘പനിനീര്‍പ്പൂക്കള്‍’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി.
ആധുനിക കവിതയുടെ മാതൃക എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘കുരുക്ഷേത്രം’ 1961-ല്‍ പുറത്തുവന്നു. 70 കവിതകളുടെ സമാഹാരമായ ‘അയ്യപ്പപ്പണിക്കരുടെ കൃതികള്‍’ 1974-ലും രണ്ടാമത്തെ കവിതാസമാഹാരം 1981-ലും മൂന്നാമത്തേത് ’89-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. ‘അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍’-(1950-80) 1982-ലും ’80-’90 കാലത്തെ ലേഖനങ്ങളുടെ സമാഹാരം ഈ മാസത്തിലും ആണു പ്രസിദ്ധീകരിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ഉള്‍പ്പെടെ ഒട്ടുവളരെ സ്ഥാപനങ്ങള്‍ അയ്യപ്പപ്പണിക്കരുടെ കൃതികള്‍ക്ക് അവാര്‍ഡ് നല്കി ബഹുമാനിച്ചു. ഇംഗ്ലീഷിലുമുണ്ട് കുറെയേറെ കൃതികള്‍). ഇപ്പോള്‍ പ്രകാശിപ്പിച്ച മലയാളത്തിലുള്ള അഭിനന്ദന ഗ്രന്ഥത്തിനു പുറമെ ഇംഗ്ലീഷിലുമുണ്ട് ഒരു ഗ്രന്ഥം. ഇന്ത്യയിലെ പ്രമുഖസാഹിത്യകാരന്മാരുടെ ലേഖനങ്ങളാണതില്. അത് അടുത്തുതന്നെ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തുന്നു.