( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1995 ഫെബ്രുവരി 19
മറ്റൊരു പരിപാടി കോട്ടയത്തിനടുത്തുള്ള തോട്ടയ്ക്കാട് ബി.എഡ്. കോളേജിലേതായിരുന്നു. അവരുടെ ആര്‍ട്സ് അസോസിയേഷന്റെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. മുഖ്യപ്രഭാഷകനായി വച്ചിരുന്നത് എന്നെ ആണെങ്കിലും ഉദ്ഘാടകനായിരുന്ന പ്രസിദ്ധ സിനിമാനടനും നാടകകൃത്തുമായ കെ.പി.ഉമ്മറിന്റേതായിരുന്നു മുഖ്യപ്രസംഗം. എടത്വാ കോളേജില്‍ ഒരു യോഗത്തിനുപോയ കഥ വിവരിച്ചുകൊണ്ടാണ് ഉമ്മര്‍ പ്രസംഗം ആരംഭിച്ചത്.
ടി.എന്‍. ഗോപിനാഥന്‍നായരും താനുമുണ്ടായിരുന്നു. ചീമുട്ടകൊണ്ടുള്ള ഏറ് ടി.എന്‍.ന്റെ ദേഹത്ത് ചെന്നുകൊണ്ടു. ഞാന്‍ മാറിക്കളഞ്ഞു. തന്റെ പേരില്‍ വന്നിട്ടുള്ള ഒരു നാടകം സത്യത്തില്‍ എം.ടി.യാണ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്തനടിയായ ഷീലയെ സാഹിത്യകാരിയെന്നു പറയാം. അവരുടെ ഒരു പുസ്തകം സാ.പ്ര.സ. സംഘം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെല്ലാം കൂടി പാലക്കാട്ടു വന്നപ്പോള്‍ പലര്‍ക്കും മലമ്പുഴ കാണണമെന്ന ആഗ്രഹമുണ്ടായി. ഷീലയോട് ഒരു നടന് ചോദിച്ചു, നിങ്ങള്‍ക്ക് മലമ്പുഴയെപ്പറ്റി അറിയാമോ? ഉടനെ മറുപടി വന്നു. ‘അദ്ദേഹമല്ല രമണന് എഴുതിയിരിക്കുന്നത്.’
ലോകരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള മറ്റു രാജ്യങ്ങളുണ്ടാവില്ലെന്ന് ഉമ്മര്‍ ഓര്‍മ്മിപ്പിച്ചു. ഡോ. സക്കീര്‍ ഹുസൈനും ഫക്രുദീന്‍ അലി അഹമ്മദും രാഷ്ട്രപതിമാരായില്ലേ? എം.സി.ചഗ്ല ഉപരാഷ്ട്രപതിയുമായി. ഞാനൊരു കോളേജില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു ഇന്ത്യയില്‍ ജനിച്ച ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നുവെന്ന്. ഗലീലിയോ എന്ന മഹാശാസ്ര്തജ്ഞനെ ക്രൈസ്തവസഭ പീഡിപ്പിച്ചില്ലേ? മുസ്ലിങ്ങളും ഇതൊക്കെ ചെയ്തിട്ടുണ്ട്. ബൈബിളില്‍ ഒരിടത്തും വിദ്യാഭ്യാസത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ഖുറാനില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ ക്രിസ്ത്യാനികള്‍ക്ക് വിദ്യാഭ്യാസമുണ്ട്. മുസ്ലിങ്ങള്‍ വളരെ പിന്നിലാണ്; പ്രത്യേകിച്ചും സ്ര്തീകള്‍. പ്രൊഫ. ടി.ജി.പുരുഷോത്തമന്‍നായരും ഉഴവൂര്‍ വിജയനും പ്രസംഗിച്ചു.