(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 30-6-1991
കേരളത്തില്‍ ഒരു 19 അംഗ മന്ത്രിസഭയ്ക്കു രൂപം നല്കിയിരിക്കുന്നു. ആദ്യം ആറുപേരുണ്ടായി. നാലഞ്ച്ദിവസം കഴിഞ്ഞപ്പോള്‍ അതു പത്തായി. ഇനി രണ്ടുദിവസത്തിനകം അത് 19 ആയി പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കും. ഇന്നലെ 19ലെത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ്സിനകത്ത് ഉണ്ടായി എന്ന് ആര്‍ക്കോ വെളിപാടുകിട്ടിയ ഐക്യം ഇപ്പോള്‍ തിരുവനന്തപുരത്തിനും ഡെല്‍ഹിക്കും ഇടയ്ക്കു പറന്നുനടക്കുകയാണ്. ഈ ‘ഐക്യം’ ഇനി ഏതെങ്കിലും പാപനാശിനിയില്‍ നിമജ്ജനം ചെയ്യുകയാവും നന്ന്.
ഇവിടെ മറ്റൊരു കാര്യം പറയാതെ വയ്യ. ജില്ലാകൗണ്‍സില്‍ പ്രാബല്യത്തില്‍വന്നശേഷം (ജില്ലാകൗണ്സിലിനു കരുത്ത് പോരെങ്കില്‍ അതു ണ്ടാക്കുന്നത് മറ്റൊരു കാര്യമാണ്.) 19 മന്ത്രിമാര്‍ വേണമെന്നു ശഠിക്കുന്നത് കടുംകൈയാണ്. മേലില്‍ ഏഴ് മന്ത്രിമാരേ ആകാവൂ എന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഇടതുപക്ഷകക്ഷികളെ ഓര്‍മ്മിപ്പിച്ചിരുന്നു. അന്നുതന്നെ ഞാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിമാര്‍ ഏഴിനു പകരം അഞ്ച് മതി എന്നായിരുന്നു. 14 ജില്ലാമുഖ്യമന്ത്രിമാര് അഥവാ ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ടുമാര്‍ കഴിഞ്ഞ് ബാക്കി അഞ്ച് എന്നായിരുന്നു എന്റെ കണക്ക്. തിരുവിതാംകൂറില്‍ സി. പി. രാമസ്വാമി അയ്യര്‍ ഒറ്റയ്ക്ക് ഭരിച്ചില്ലേ? പിന്നെ ഇതേ തിരുവിതാംകൂര്‍ ഭരിച്ചത് മൂന്നു പേരടങ്ങിയ പട്ടം മന്ത്രിസഭയല്ലേ? തിരുവിതാംകൂര്‍കൊച്ചി ആയിരുന്ന കാലത്ത് പി. എസ്. റാവു ഭരിച്ചതും ഒറ്റയ്ക്കാണ്. അപ്പോള്‍ കേരളം ഭരി ക്കാന്‍ അഞ്ചുമന്ത്രിമാര്‍ ധാരാളം മതി. ഭരിക്കാനറിയാവുന്നവരായിരിക്കണമെന്നു മാത്രം.
എണ്ണം കൂട്ടുന്നത്, കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളില്‍, ഇട ത്തായാലും വലത്തായാലും, പാര്‍ട്ടികളെ തൃപ്തിപ്പെടുത്താന്വേണ്ടിയാണ്. ഒറ്റ പാര്‍ട്ടി മാത്രമുള്ള, കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ ഇരട്ടി മന്ത്രിമാരുണ്ടെന്നു ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേക്കും. ഞാനതിനെപ്പറ്റി പറയുന്നില്ല. കേരളത്തിലെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളു. 89 പേരുള്ള പാര്‍ട്ടിയിലെ കക്ഷികളുടെ എണ്ണം ആറാണ്; അംഗസംഖ്യ 55-19-9-2-2-1-1 ഇങ്ങനെ എന്തോ ആണെന്നു തോന്നുന്നു. ഇത് എങ്ങനെ വീതിച്ചുകൊടുക്കാമെന്നു ചിന്തിച്ചു നിങ്ങള്‍ വിഷമിക്കേണ്ടാ. 55 കാര്‍ക്കു മൂന്നു മന്ത്രി. 19 കാര്‍ക്ക് ഒരു മന്ത്രി. ഒമ്പതുകാര്ക്ക് അര മന്ത്രി. എന്നുപറഞ്ഞാല്‍ ഒരു മന്ത്രി പകുതിക്കാലം (രണ്ടരവര്ഷമെന്നു വയ്ക്കുക) ഭരിക്കുക. മറ്റുള്ള ചില്ലറകള്ക്കെല്ലാംകൂടി അര മന്ത്രി. ഇങ്ങനെ യായാല്‍ ഒരു കുഴപ്പം വരില്ല. പല മുനിസിപ്പല്‍ കൗണ്‍സിലും ഇന്ന് ഇങ്ങനെയല്ലേ നടത്തുന്നത്?
ഇന്ന് ഒരു മാന്യന് എന്നോടു ചോദിച്ചു, ഈ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊക്കെ പാര്ട്ടികാര്യത്തിനു ഡെല്‍ഹിക്കും മറ്റും പോകുന്നത് പാര്‍ട്ടി ചെലവിലല്ലേ എന്ന്. ഞാന്‍ നല്കിയ മറുപടി ‘അല്ല, നിങ്ങളും ഞാനുമാണ് ഇതിന്റെ ഭാരം വഹിക്കേണ്ടത്’ എന്നായിരുന്നു. എന്നുപറഞ്ഞാല്‍ ഇവിടത്തെ സാധാരണക്കാരനുള്പ്പെടെയുള്ള മുഴുവന്‍പേരും നല്കുന്ന നികുതിയാണ് ഇവരെല്ലാം ധൂര്‍ത്തടിക്കുന്നത്. മന്ത്രിമാരുടെ എണ്ണം കൂടുംതോറും അതിനുള്ള ഭാരിച്ച ചെലവ് സംസ്ഥാനം വഹിക്കേണ്ടിവരും. സ്വതേ പാപ്പരായ ഖജനാവാണ് നമുക്കുള്ളത്. കേന്ദ്രത്തിലെ കാര്യത്തിലും ഇപ്പറഞ്ഞതൊക്കെ ബാധകമാണ്. ഒരു പാര്‍ട്ടിയുടെ കാര്യ മല്ല, എല്ലാ പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.
ഒരുദിവസം നിയമസഭ കൂടുന്നതിനുവേണ്ടിവരുന്ന ചെലവിനെപ്പറ്റി കേട്ടാല്‍ നമുക്ക് ഞടുക്കമുണ്ടാകും. പാര്‍ലമെന്റിന്റെ കാര്യം പറയാനുമില്ല. രാജീവ്ഗാന്ധി വധിക്കപ്പെട്ടു. നമുക്കെല്ലാം ദുഃഖമുണ്ട്. നിയമസഭ കൂടുമ്പോള്‍, സഭയുടെ ദുഃഖം പ്രകടിപ്പിക്കുക എന്നത് സാമാന്യ മര്യാദ യാണ്. ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, രാവിലെ സഭ കൂടുന്നു. അംഗങ്ങള്‍ ഹാജര്‍ വയ്ക്കുന്നു. അനുശോചന പ്രമേയം അവതരിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കന്മാര് പ്രസംഗിക്കുന്നു. ഒരു മണിക്കൂര്‍വരെ ദീര്ഘിച്ചെന്നുവരാം. ദുഃഖത്തിന്റെ ആഴംകൊണ്ട് സഭ പിരിയുന്നു. അനുശോചനപ്രമേയം അംഗീകരിച്ചതിന്റെ ശേഷം സഭ തുടര്‍ന്നു നടത്തിയാലെന്തു കുഴപ്പമുണ്ടാകും? ദുഃഖത്തിന്റെ കൂടുതല്‍കൊണ്ട് ഏതെങ്കിലും അംഗം തന്റെ ബാറ്റാ വാങ്ങാതിരിക്കുമോ? കീഴ്വഴക്കം ഇങ്ങനെയാണ്. എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല. കുറെയേറെ കീഴ്വഴക്കങ്ങള് വലിച്ചെറിയാന്‍ നാം തയ്യാറാകണം.