( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 3.12.1995
പ്രശസ്ത നോവലിസ്റ്റ് കാക്കനാടനു നാട്ടുകാരുടെവക വീട് യാഥാര്‍ത്ഥ്യമാകുന്നു. അദ്ദേഹത്തിന്റെ ഷഷ്ടിപൂര്ത്തിയാഘോഷക്കമ്മിറ്റിയാണ്, നാല്പതു വര്‍ഷമായി വാടകവീട്ടില്‍ താമസിച്ചു നോവലും കഥയും രചിച്ചുവരുന്ന, കാക്കനാടനു സ്വന്തമായി ഒരു വീടു നല്‍കണമെന്ന തീരുമാനമെടുത്തത്. കൊല്ലത്തെ പ്രമുഖ വ്യവസായിയും ഒപ്പം സാംസ്കാരികനായകനുമായ കെ. രവീന്ദ്രനാഥന്‍നായര്‍ പ്രസിഡന്റും വൈക്കം ചന്ദ്രശേഖരന്‍നായര്‍ സെക്രട്ടറിയുമായുള്ള കേന്ദ്രകമ്മിറ്റിക്കു പുറമെ ചില ജില്ലാ തലസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരിച്ചിരുന്നു. കോട്ടയത്തെ ജില്ലാക്കമ്മിറ്റിയില്‍ അന്നു കളക്ടറായിരുന്ന ഷീലാതോമസ് ഉള്‍പ്പെടെ പല പ്രമുഖ വ്യക്തികളും പങ്കുകൊണ്ടു. ഞാന്‍ പ്രസിഡന്റും കഥാകൃത്തായ ബാബു കുഴിമറ്റം കണ്‍വീനറുമായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷം രൂപയ്ക്കുമേല്‍ വരുന്ന തുക ഞങ്ങള്‍ക്കു സമാഹരിക്കാന്‍ കഴിഞ്ഞു.
ഈ തുക കേന്ദ്രകമ്മിറ്റിക്കു കൈമാറുന്ന ചടങ്ങ് ഒക്ടോബര്‍ 10-ന് ബസേലിയോസ് കോളേജ് ആഡിറ്റോറിയത്തില്‍ നടന്നു. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് രവീന്ദ്രനാഥന്നായര്ക്കു കൈമാറി. ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം കാക്കനാടനും യോഗത്തില്‍ പങ്കെടുത്തു. പൊന്‍കുന്നം വര്‍ക്കി, കാക്കനാടനെ പൊന്നാട നല്കി ആദരിച്ചു. കെ. രവീന്ദ്രനാഥന്‍നായര്‍ വീടുകൈമാറ്റ പ്രഖ്യാപനം നടത്തി. അതനുസരിച്ച് ഒക്ടോബര്‍ 30-നു 10 സെന്റ് സ്ഥലവും പുതിയൊരു വീടും കാക്കനാടനു നല്‍കുന്നതാണ്. മുന്‍ ജില്ലാ കളക്ടര്‍ ഷീലാ തോമസും വൈക്കം ചന്ദ്രശേഖരന്‍നായരും മുന്‍ ജില്ലാപോലീസ് സൂപ്രണ്ട് കെ.ടി.മൈക്കിളും പ്രിന്‍സിപ്പല്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കലും പ്രസംഗിച്ചു. ഞാനാണ് അധ്യക്ഷത വഹിച്ചത്. ബാബു കുഴിമറ്റം സ്വാഗതം പറഞ്ഞു. എന്‍. രാജേഷ്കുമാര്‍ നന്ദിയും.
”വീടോ പറമ്പോ കിട്ടുമെന്നു കരുതിയല്ല ഞാന്‍ കഥയെഴുതിത്തുടങ്ങിയത്. വാടകവീട്ടില്‍ താമസിക്കുന്നതു പോരായ്മയാണെന്ന തോന്നലും എനിക്കില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കളുടെ സ്നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ തലകുനിക്കുന്നു.” നിറഞ്ഞ കണ്ണുകളോടെയാണ് കാക്കനാടന് ഇത്രയും പറഞ്ഞൊപ്പിച്ചത്. മനുഷ്യര്‍ക്ക് വിലതീരാത്ത സംഭാവന നല്കിയ വലിയ കലാകാരനാണ് കാക്കനാടനെന്ന് പൊന്‍കുന്നം വര്‍ക്കി അഭിപ്രായപ്പെട്ടു. ഒരു കലാകാരനെ ആദരിക്കുന്നത്, അയാള്‍ ജീവിച്ചിരിക്കുമ്പോള്തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചതിനുശേഷം വല്ലതും ചെയ്തതുകൊണ്ട്, കലാകാരനോ സാഹിത്യകാരനോ ഒരു ഗുണവുമില്ല. എഴുത്തുകാര്‍ ജീവിക്കുന്നത്, വായനക്കാരുടെ മഹാമനസ്കതകൊണ്ടാണ്. പണ്ട് ദാരിദ്ര്യംകൂടാതെ കഴിയാന്‍ എഴുത്തുകാര്‍ക്കു കഴിഞ്ഞിരുന്നില്ല. കേശവദേവുപോലും ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ കുബേരനായിരുന്നു. ഇന്നും പ്രസാധകന്മാര് എഴുത്തുകാരെ ചൂഷണം ചെയ്യുന്നുണ്ട്; പക്ഷേ, പണ്ടത്തെപ്പോലെ വ്യാപകമല്ലെന്നുമാത്രം. വര്‍ക്കി തുടര്‍ന്നു പറഞ്ഞു.
12.11.1995
കാക്കനാടന് ഇരവിപുരത്തേക്ക് താമസം മാറുന്നത് ഒമ്പതാം തീയതിയാണ്. അതിനുമുമ്പ് തേവള്ളിയില്‍ അദ്ദേഹം താമസിച്ചിരുന്ന വീട് കണ്ടുകളയാമെന്നുവച്ചു. കായലിന്റെ മനോഹാരിതയെപ്പറ്റി കഥാകാരന് കൂടക്കൂടെ പറയാറുണ്ടുതാനും. പുതിയ മാറ്റം, കായലിനു പകരം കടലിന്റെ അടുത്തേക്കാണ്. തേവള്ളിയിലെ വീട്ടില്‍നിന്ന് രാവിലെ നടക്കാന്പോകുന്നവഴി കൃഷ്ണപിള്ളയുടെ കടയില്‍നിന്ന് മൂന്നുകപ്പ് ചായ കുടിക്കുമെന്ന് ഇന്നലെ മാതൃഭൂമിയുമായുള്ള ഒരഭിമുഖത്തില്‍ കാക്കനാടന് പറഞ്ഞിട്ടുണ്ട്. ഇത് ഓര്‍മ്മവച്ചുകൊണ്ട്, നിജസ്ഥിതി അറിയാന്‍ ഞാന്‍തന്നെ കൃഷ്ണപിള്ളയുമായി ഒരഭിമുഖം നടത്തി. ”മൂന്നെന്നു പറയും; പലപ്പോഴും അഞ്ചുകപ്പാണ് കുടിക്കുക.” കൃഷ്ണപിള്ള സത്യം വെളിപ്പെടുത്തി. അഞ്ചുമണിക്കാണ് വീടിന്റെ താക്കോല്‍ദാനത്തിനുള്ള യോഗം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയാണ് പ്രമാണസമര്പ്പണം നടത്തിയത്. അദ്ദേഹം സമയത്ത് വന്നു. മീറ്റിങ് ഉടനെ തുടങ്ങുകയും ചെയ്തു.
മുഖ്യമന്ത്രി ആന്റണിയുടെ പ്രസംഗത്തില്‍, വീട് എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണെന്നു പറഞ്ഞു. മുമ്പൊക്കെ വീട് സംഭാവന ലഭിക്കുക രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും തൊഴിലാളിനേതാക്കള്ക്കും മറ്റുമാണ്. സാഹിത്യകാരന് വീട് സംഭാവന നല്കുന്ന സംഭവം ആദ്യമായിരിക്കും (എന്‍.പി. മുഹമ്മദ് പറഞ്ഞത് ലോകത്തില്‍ ആദ്യമാണെന്നത്രെ). പത്രത്തില്‍ കാക്കനാടന് വീടിന് സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥന കണ്ട ദിവസംതന്നെ താന്‍ ഡല്‍ഹിയില്‍ നിന്ന് 250 ക. അയച്ചു എന്നും ആന്റണി പറഞ്ഞു (അതാണ് ആദ്യം ലഭിച്ച സംഭാവന എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു). കാക്കനാടനെയും അമ്മയെയും കാണാന്‍വേണ്ടി താനൊരിക്കല്‍ അവരുടെ വീട്ടില്‍ പോയ കഥയും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. കാക്കനാടന്റെ കഥകളും ലേഖനങ്ങളും താന്‍ വായിക്കാറുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് അഭിപ്രായവ്യത്യാസമുള്ളത്. കാക്കനാടന്റെ സ്വഭാവത്തില്‍ ഒരു മാറ്റം വരുത്തണം (എന്താണ് സംഗതിയെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. അവര്‍ ചിരിച്ചു).
കാക്കനാടന് ഫണ്ട് കമ്മിറ്റിയുടെ ചെയര്‍മാനായ കെ. രവീന്ദ്രനാഥന്‍ നായരാണ് അദ്ധ്യക്ഷത വഹിച്ചത്. പുതിയ വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. മന്ത്രി കടവൂര്‍ ശിവദാസനും പി.കെ. വാസുദേവന്‍നായരും ബേബി ജോണും മുനി. ചെയര്മാന് തങ്കപ്പനും എം.എല്‍.എ. യൂനുസ് കുഞ്ഞും ആര്.കെ.നാരായണപിള്ളയും പ്രസംഗിച്ചു. പിന്നെ ഞാനും. അതു കഴിഞ്ഞ് എനിക്ക് മടങ്ങേണ്ടിവന്നു. വൈക്കം ചന്ദ്രശേഖരന്‍നായര്‍ സ്വാഗതം പറഞ്ഞു. പാവുമ്പാ പി.പത്മനാഭന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കോട്ടയം കമ്മിറ്റിയാണ്. ഒരു ലക്ഷം രൂപ. പത്തനംതിട്ട 40,000 ക. പിരിച്ചു. കൊല്ലത്തെ കേന്ദ്രകമ്മിറ്റിയുടെ പിരിവും നന്നായില്ല. വീടിനുവേണ്ടിവന്ന ബാക്കി തുക പ്രസിഡന്റ് സംഭാവനയായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അതുമാത്രം ഒന്നരലക്ഷം ക.യാണ്.