( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1995, ഫെബ്രുവരി 26
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ 150-ാം ജന്മവാര്ഷികാഘോഷം ഈയാഴ്ചയില്‍ തിരുവനന്തപുരത്ത് നടന്നു. വി.ജെ.ടി. ഹാളില്‍ ഫെബ്രുവരി 22, 23, 24 തീയതികളിലായിരുന്നു, കേരളവര്‍മ്മ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷങ്ങള്‍. ഒട്ടുവളരെ സാഹിത്യനായകന്മാര് പരിപാടികളില്‍ പങ്കെടുത്തു.
കേരളവര്‍മ്മയുടെ ഏറ്റവും പ്രധാന കൃതിയായ ‘വിശാഖവിജയ’ത്തിന്റെ പുതിയൊരു പതിപ്പ് ആഘോഷവേളയില്‍ പ്രകാശിപ്പിക്കാന്‍ വച്ചിരുന്നത് മാറ്റിവയ്ക്കേണ്ടിവന്നു. കേരളവര്‍മ്മയുടെ ഏറ്റവുമധികം ഒച്ചപ്പാടുണ്ടാക്കിയ ‘മയൂരസന്ദേശ’ത്തിന്റെ ശതാബ്ദിപ്പതിപ്പ് ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
കേരളവര്‍മ്മ സ്മരണ എന്ന ലേഖനസമാഹാരവും ഗ്രന്ഥാലോകം, വിജ്ഞാനകൈരളി എന്നീ മാസികകളുടെ കേരള വര്മ്മപ്പതിപ്പും തിരുവനന്തപുരത്തെ ആഘോഷങ്ങള്‍ക്കിടയില്‍ പ്രകാശിപ്പിച്ചിരുന്നു. കേരളവര്‍മ്മ അക്കാദമിയുടെ അദ്ധ്യക്ഷന്‍ എസ്.ഗുപ്തന്നായരും കാര്യദര്‍ശി സി.ജി.രാജഗോപാലുമാണ്. കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ എല്ലാ മാസവും വലിയകോയിത്തമ്പുരാനെപ്പറ്റിയുള്ള ചര്‍ച്ചാ യോഗങ്ങള്‍ നടത്താന്‍ ഇവര്‍ക്കു കഴിഞ്ഞുവെന്നത് വലിയ കാര്യമത്രെ.