( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1992 ആഗസ്റ്റ് 2
രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള കാലം അടുത്തു വരുന്നു. ശരിക്കും പറഞ്ഞാല്‍ അതിക്രമിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും മറ്റും തിരുപ്പതി സമ്മേളനത്തിന്റെ കൂടെയായിരുന്നതുകൊണ്ടാവും ഇത്രയും വൈകിയത്. രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണെങ്കിലും അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയെ അവരുടെ വോട്ടുകൊണ്ടു മാത്രം വിജയിപ്പിച്ചെടുക്കുക സാധ്യമാവില്ല. അപ്പോള്‍ നരസിംഹറാവുവിന്റെ സുപ്രസിദ്ധമായ ‘അഭിപ്രായസമന്വയം. ആവശ്യമായിവരുന്നു. അതിനിടെ മറ്റൊരു ചിന്താഗതിക്കും സ്വാധീനം കൂടിവരുന്നതായി കാണുന്നു. ഒരു ഹരിജനായിരിക്കണം പുതിയ രാഷ്ട്രപതി എന്ന കാര്യം. ആരും ഇതിനെ എതിര്‍ത്തുകണ്ടില്ല. എതിര്ക്കണമെന്നാഗ്രഹമുള്ളവര് ധാരാളമുണ്ട്. പക്ഷേ, തുറന്നു പറയാന്‍ കഴിവില്ല.
വോട്ടുപെട്ടിയില്‍ വീഴുന്ന ഓരോ കടലാസും ബ്രാഹ്മണന്റെയോ ഹരിജന്റെയോ എന്നു തിരിച്ചറിയാന്‍ കഴിയാത്തതുതന്നെ കാരണം. ഹരിജനങ്ങളുടെ എണ്ണം കൂടുതലാണ്. ശരിക്കും സംഘടിപ്പിച്ചെടുത്താല്‍ അവര്‍ നാടുഭരിക്കും. യോഗ്യനായ ആളെ കിട്ടാനില്ല എന്ന ചിന്താഗതി ഉയര്‍ന്ന ജാതിക്കാരുടെ ഉള്ളിന്റെ ഉള്ളില്‍ തീര്‍ച്ചയായുമുണ്ട്. അംബേദ്ക്കറുടെ കാര്യത്തില്‍തന്നെ ഇങ്ങനെ ചിന്തിച്ചിരുന്നവരെ കാണാം.
ഇവിടെ ‘ഒരുവെടിക്ക് രണ്ടുപക്ഷി’ എന്ന പ്രമാണമനുസരിച്ചു ചെയ്യാന്‍കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. ഒന്ന്, പുതിയ രാഷ്ട്രപതി ഹരിജനാവണം. രണ്ട്, അതൊരു കേരളീയനുമാവണം. തെക്കേ ഇന്ത്യയ്ക്കു രാഷ്ട്രപതിമാരുടെ കാര്യത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയിട്ടില്ല എന്നു പറഞ്ഞുകൂടാ. ഏറ്റവും പ്രഗല്ഭനായ രാഷ്ട്രപതിയെ ഇന്ത്യയ്ക്കു ലഭിച്ചതു തെക്കുനിന്നാണ്. ഡോ.എസ്.രാധാകൃഷ്ണന്. വി.വി.ഗിരിയും സഞ്ജീവ്റെഡ്ഡിയും (ഇടയ്ക്കു സ്വല്പം ജെട്ടിയും) ഇപ്പോള്‍ വെങ്കട്ടരാമനുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മുടെ അത്യുന്നതനേതാക്കള്ക്ക് ഒരിക്കലും കേരളത്തെപ്പറ്റി ആലോചിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ നമ്മുടെ പ്രമുഖദിനപത്രം ചെറിയൊരു ബോംബ് പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് കെ.ആര്.നാരായണന് ആയിക്കൂടാ? എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയിരിക്കുന്നത് കേരളകൗമുദിയാണ്. പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായ ചൂടുള്ള ഒരു മുഖപ്രസംഗമാണത്. നാരായണനെപ്പോലെ പരിചയസമ്പന്നനും പക്വമതിയുമായ ഒരു രാജ്യതന്ത്രജ്ഞനെ കണ്ടുപിടിക്കാന്‍ വിഷമമാണ്. വിദ്യാഭ്യാസത്തിനിടയില്‍ അദ്ദേഹം തന്റെ കഴിവുതെളിയിച്ചു- തിരുവനന്തപുരത്തും ലണ്ടനിലും. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്നിന്നു ബിരുദമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍, ലോകപ്രസിദ്ധനായ പ്രൊഫ. ലാസ്കി, ജവാഹര്‍ലാല്‍ നെഹ്രുവിന്, നാരായണന്വശം കൊടുത്തയച്ച ഒരു കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ‘ഈ ചെറുപ്പക്കാരന് ഒരു അസാധാരണ വ്യക്തിയാണ്. നിങ്ങള്‍ ഇയാളെ ശരിക്കും പ്രയോജനപ്പെടുത്തുക’ (നെഹ്രുവിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ലാസ്കി). നെഹ്രു അത് അക്ഷരംപ്രതി അനുസരിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഒരു രാജ്യത്തിന്റെ അംബാസഡറായിട്ടാണ് അദ്ദേഹം എട്ടുവര്‍ഷംമുമ്പ് ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞത്. ഇടയ്ക്ക് ഇന്ത്യയിലെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയുടെ ഭരണവും അദ്ദേഹത്തെ ഏല്പിച്ചിരുന്നു.
എങ്കിലും ഉദ്യോഗംകഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ലമെന്റിലേക്ക് ഒരു സീറ്റ് നല്കാന്തന്നെ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ക്ക് അത്ര ഇഷ്ടമില്ലായിരുന്നു. ഒടുവില്‍ ഇന്ദിരാഗാന്ധി ഇടപെട്ടാണ് സീറ്റ് ലഭിച്ചത്. ജയിച്ചാല്‍ മന്ത്രിയാകുമെന്നുള്ള കാര്യം ഉറപ്പായിരുന്നു. ജയിക്കുകയും മന്ത്രിയാകുകയും ചെയ്തു. നിര്ഭാഗ്യമെന്നുതന്നെ പറയട്ടെ, നാരായണനെ കാബിനറ്റ് റാങ്കുള്ള മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. ഇതെല്ലാം കഴിഞ്ഞ അദ്ധ്യായങ്ങള്‍. തല്ക്കാലം മറക്കുക. ഇന്നു നമ്മുടെ മുമ്പിലുള്ള പ്രശ്നം രാഷ്ട്രപതിസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയമാണ്. അതും ഒരു ഹരിജനെ. അതിനുള്ള വലിയ മനസ്സ് നമ്മുടെ വലിയ നേതാക്ക•ാര്ക്കുണ്ടാകണം. രാഷ്ട്രപിതാവിന്റെ ലക്ഷ്യം ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രപതി ഒരു ഹരിജനായിരിക്കണമെന്നായിരുന്നു. ‘ഗാന്ധി ഇങ്ങനെ എന്തെല്ലാം വിവരക്കേട് പറഞ്ഞിരിക്കുന്നു’ എന്നമട്ടില്‍ ചിന്തിക്കുന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്ക•ാരില്‍ ഒരു ഭാഗമെങ്കിലും. ഇവര്‍ക്കും കൂടി മാനസാന്തരമുണ്ടാക്കാന്‍ നരസിംഹറാവുവിനു കഴിഞ്ഞാല്‍ രാജ്യത്തിന് അതു പ്രയോജനകരമാവും.
20-4-92
കെ.ആര്.നാരായണന് ഉപരാഷ്ട്രപതിയാവുന്നതില് ഞങ്ങള്‍ക്ക് പ്രത്യേക സന്തോഷമുണ്ട്- ഇവിടെ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ കോട്ടയംകാര് എന്നു സാരം. കോട്ടയം നഗരത്തില്‍നിന്നു കഷ്ടിച്ച് 25 കിലോമീറ്റര്‍ ദൂരം വരുന്ന ഉഴവൂരാണ് അദ്ദേഹത്തിന്റെ ജ•സ്ഥലം. കോട്ടയത്തെ സി.എം.എസ്. കോളേജിലാണ് വിദ്യാഭ്യാസം നിര്‍വ്വഹിച്ചത്. കോട്ടയത്തുനിന്ന് ഉഴവൂര്‍വരെ നടക്കുക സാധാരണമായിരുന്നു. അര രൂപ ഫീസ് കൊടുക്കാന്‍ കഴിയാതെ ബെഞ്ചിന്റെ മുകളില്‍ കയറിനില്ക്കേണ്ട അവസ്ഥ പലപ്പോഴും വന്നിട്ടുണ്ട്. ഇതിനെപ്പറ്റി നാരായണന്‍തന്നെ പറയുന്നതു കേള്‍ക്കുക: ”ഇത്തരം നാണക്കേടുകള്‍ ഏറ്റു ജീവിതം നയിച്ചത് പില്ക്കാലത്ത് നയതന്ത്രപ്രതിനിധിയുടെ ഉദ്യോഗം വഹിച്ചപ്പോള്‍ അനുഗ്രഹമായി തോന്നി!” മാതൃഭൂമിയുടെ ഒരു തലക്കെട്ട് ‘ഒറ്റപ്പാലത്തുനിന്ന് ഒരു ഉപരാഷ്ട്രപതി’ എന്നാണ്. ഇത് ഞങ്ങള്‍, കോട്ടയത്തുകാര്‍ സഹിക്കില്ല എന്നുമാത്രം പറഞ്ഞിട്ട് ഒറ്റപ്പാലത്ത് ഒരു മിനിട്ട് തങ്ങട്ടെ. കെ.ആര്.നാരായണന് ഉദ്യോഗത്തില്‍നിന്നു പിരിഞ്ഞപ്പോള്‍ രാഷ്ട്രീയരംഗത്ത് വരാനാഗ്രഹിച്ചു. കേരളത്തിന്റെ നേതൃത്വത്തിന്റെ നിലപാട് കടകവിരുദ്ധമായിരുന്നു.
ഒടുവില്‍ ഇന്ദിരാഗാന്ധി ഇടപെട്ടിട്ടാണ്, ഒറ്റപ്പാലത്ത് ഒരു റിസര്‍വേഷന്‍ സീറ്റ് ലഭിച്ചത്. ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് 25 ശതമാനം ബുദ്ധിയോ വിവരമോ ഉണ്ടായിരുന്നെങ്കില്‍ നാരായണന് ഒരു ജനറല്സീറ്റുതന്നെ നല്‍കുമായിരുന്നു. എന്നിട്ട് അന്തസ്സായി ജയിപ്പിക്കുമായിരുന്നു. എന്നിട്ടോ, ജയിച്ചുകഴിഞ്ഞപ്പോള്‍ ഒരു സഹമന്ത്രിസ്ഥാനം നല്കി ആദരിച്ചു! ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്ന, ചൈനയിലും അമേരിക്കയിലും അംബാസഡറായിരുന്ന കെ.ആര്.നാരായണന് കാബിനറ്റ്റാങ്ക് നല്കിയാല് ഇന്ത്യയുടെ മുകളിലത്തെ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ? നാരായണനു പറ്റിയ ഏറ്റവും വലിയ അബദ്ധം ഈ സഹമന്ത്രിസ്ഥാനം സ്വീകരിച്ചതാണെന്നുകൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.