( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 30.05.1998
മലയാള പത്രവായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ജീനിയസ്സായിരുന്നു, സുഹൃത്തുക്കളുടെ ഇടയില്‍ നാണപ്പന് എന്ന മൂന്നക്ഷരങ്ങളില്‍ ഒതുങ്ങിനിന്ന എം.പി. നാരായണപിള്ള എന്ന കോളമിസ്റ്റ്. തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന അദ്ദേഹത്തിന്റെ മരണം നാലക്ഷരം കൂട്ടിവായിക്കുന്ന മലയാളികളെയെല്ലാം ദുഃഖത്തിലാഴ്ത്തി. നാണപ്പനെപ്പറ്റി കുറച്ചുവരികള്‍ എഴുതുന്നതിനുമുമ്പ്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്ന പി.സി. ജോസഫിന്റെ മരണത്തെപ്പറ്റിക്കൂടി പറയേണ്ടിയിരിക്കുന്നു.
ജോസഫ് സുഹൃത്തുക്കളുടെ ഇടയില്‍ വേണ്ടത്ര അറിയപ്പെട്ടിരുന്നു. പൊതുജനത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ആയിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കിയത് അടുത്തകാലത്താണ്. ദിവസം ഒരു പ്രാവശ്യമെങ്കിലും എന്റെ മകന് രവി ജോസഫിനെപ്പറ്റി എന്നോടു പറയാറുണ്ടായിരുന്നു. അടുത്തകാലത്ത് എന്നു പറഞ്ഞാല്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ജോസഫ് നിര്‍മ്മിച്ച് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്ത കാണാപ്പുറം എന്ന പരമ്പരയില്‍ ഞാനുമുണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ ഒരുപ്രാവശ്യത്തെ ചിത്രം എന്നെപ്പറ്റിയായിരുന്നു. അതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ച സമയത്താണ് ജോസഫിനെപ്പറ്റി രവിയില്‍നിന്ന് എനിക്കു പഠിക്കേണ്ടിവന്നത്.
ഒരു പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം നാഷണല്‍ ഹെറാള്‍ഡിന്റെയും മലയാളമനോരമയുടെയും ലേഖകനായിരുന്നു. ദുബൈയിലെ ഖലീജ് ടൈംസിന്റെ ലേഖകനായിരുന്ന കാലത്ത്, ആ പത്രത്തില്‍ എന്നെപ്പറ്റി പലപ്പോഴും വാര്‍ത്ത വന്നിരുന്നു. ഇടയ്ക്ക് ചില ലേഖനങ്ങളും. അന്നൊന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആള് ആരാണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ‘കാണാപ്പുറ’വുമായി എന്റെ അടുക്കലേക്കുവന്ന ജോസഫിനെ നേരത്തേ പരിചയപ്പെടാന്‍ കഴിയാഞ്ഞതില്‍ എനിക്കു ദുഃഖമുണ്ട്. ജോസഫിന്റെ മരണത്തില്‍ മനസ്സ് നൊന്തു മരിച്ച ആളാണ് നാണപ്പന്. തിരുവനന്തപുരത്ത് മുട്ടടയിലെ സ്വവസതിയില്‍വച്ചാണ് 54-കാരനായ പി.സി. ജോസഫ് മെയ് 18 തിങ്കളാഴ്ച അന്തരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു. രവിയാണ് വാര്‍ത്ത ആദ്യമായി കാണിച്ചുതന്നത്. ഈ വാര്‍ത്ത അറിയുമ്പോള്‍ ഏറ്റവും വിഷമിക്കുന്നത് എം.പി. നാരായണപിള്ളയായിരിക്കും എന്നുകൂടി അവന് പറഞ്ഞു. ഒന്നോ ഒന്നരയോ മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങള്‍ ഓഫീസിലെത്തി, അധികം താമസിയാതെ മനോരമയിലെ ഒരു സബ് എഡിറ്റര്‍ ഓടിക്കിതച്ചെത്തി. ‘എം.പി. നാരായണപിള്ള മരിച്ചുപോയി.’ ഞങ്ങള്‍ക്ക് ഒന്നുംതന്നെ ചോദിക്കാനാവാത്ത നിലയിലായിപ്പോയി. എങ്കിലും എപ്പോള്‍, എവിടെവച്ച്, എങ്ങനെ എന്നൊക്കെ അന്വേഷിച്ചു. അപ്പോഴേക്ക് കിളിരൂര്‍ രാധാകൃഷ്ണനുമെത്തി. ആര്‍ക്കും പെട്ടെന്നു വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത. 58 കാരനായ നാരായണപിള്ളയ്ക്ക് വേണമെങ്കില്‍ 90 വയസ്സുവരെയോ 100 വരെയോ മലയാളികളെ ചിരിപ്പിച്ചുകൊണ്ട് ജീവിക്കാമായിരുന്നു. എന്നു പറഞ്ഞാല്‍ മരണം, വളരെ നേരത്തേ ശുദ്ധ അനാവശ്യമായി ഇടപെട്ടു എന്നല്ലേ ആര്‍ക്കും ചിന്തിക്കാനാവൂ.
നാണപ്പനെപ്പറ്റിയുള്ള ഒട്ടുവളരെ വാര്‍ത്തകളും ലേഖനങ്ങളും ഈ പത്ത് ദിവസത്തിനകം നമ്മുടെ പത്രങ്ങളില്‍ വന്നുകഴിഞ്ഞു. ചില പത്രങ്ങള്‍ മുഖപ്രസംഗംതന്നെ എഴുതി. മലയാളംവാരിക ഒരു സ്പെഷ്യല്‍ ഇറക്കി. പത്തിരുപതുലേഖനങ്ങള്, എം.പി. നാരായണപിള്ളയെപ്പറ്റി മാത്രമുള്ള ഒരു വിശേഷാല്‍പ്രതി. അതും അദ്ദേഹം മരിച്ച് മൂന്നുനാലു ദിവസത്തിനകം പുറത്തുവന്നു. ലേഖനങ്ങളെല്ലാം ഫാക്സിലൂടെ ശേഖരിച്ചു. ചുരുക്കത്തില്‍ ഇത്രയധികം പ്രാധാന്യം ഒരെഴുത്തുകാരന്റെ മരണത്തിനു നല്‍കുക എന്നതു നമ്മുടെ വാരികകളെ സംബന്ധിച്ചിടത്തോളം അപൂര്‍വമത്രെ. ടി.ജെ.എസ്. ജോര്‍ജിന്റെ ലേഖനത്തിനു നല്കിയ തലക്കെട്ടിന്റെ പ്രധാന ഭാഗം ഇവിടെ പകര്‍ത്താം- ‘ബഷീറിനുശേഷം.’
നാണപ്പനുമായി മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു കാര്യംകൂടി എനിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രസാധകന് എന്ന നിലയാണത്.
പരിണാമം എന്ന ആദ്യത്തേതും അവസാനത്തേതുമായ നോവല്‍ പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണ് ആ ബന്ധം തുടങ്ങുന്നത്. പിന്നീട് കഥകളും പുറത്തുവന്നു. അന്‍പതോളം കഥകളേ അദ്ദേഹം രചിച്ചിട്ടുള്ളു. അതില്‍ മൂന്നാലെണ്ണം ഇനി കണ്ടുകിട്ടാനുമുണ്ട്. നീണ്ട കാലമായി നാണപ്പന് എന്നോടുണ്ടായിരുന്ന സ്നേഹത്തെപ്പറ്റി ഞാനോര്‍ക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെപ്പറ്റി എഴുതിയിട്ടുള്ള ഓരോ പ്രാവശ്യവും എന്നെ ‘അനാവശ്യ’മായിട്ടുതന്നെ ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും കുഴഞ്ഞ പ്രശ്നങ്ങള്‍ വന്നാലുടനെ അദ്ദേഹം എഴുതും: ”നിങ്ങള്‍ ആ ഡി.സി. കിഴക്കെമുറിയെ തിരിയെ വിളിച്ചുകൊണ്ടുവന്ന് അദ്ദേഹത്തോടു പറയുക. അദ്ദേഹം അതു ശരിയാക്കും.” ട്രയല്‍ വാരിക നടത്തിയിരുന്ന കാലത്ത് എനിക്കുവേണ്ടി ഒരു സ്പെഷ്യല്തന്നെ ഇറക്കിയിരുന്നു.
ഇപ്രാവശ്യം ഞങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രോപന്യാസങ്ങള് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിച്ച പേര് മാറ്റി. മൂന്നാം കണ്ണ് എന്ന പേരാണു നിര്‍ദ്ദേശിച്ചത്. അത് അദ്ദേഹത്തിനു വളരെ ഇഷ്ടമായി. മാത്രമല്ല, പബ്ലിക്കേഷന്‍ വകുപ്പിലെ പി.ആര്.ശ്രീകുമാറിനോട് മറ്റൊരു അഭ്യര്‍ത്ഥനകൂടി: ‘മൂന്നാം കണ്ണിന്’ ഒരാമുഖം എഴുതാന്‍ ഡി.സി.യോടു പറയുക. ഞാന്‍ പേരു വച്ച് ആമുഖം എഴുതുന്നു എന്നുകേട്ട ഉടനെ നാണപ്പന് ശ്രീകുമാറിന് എഴുതി: ”അടുത്തകാലത്ത് എനിക്കു കിട്ടിയ ഏറ്റവും സന്തോഷവും സംതൃപ്തിയും തരുന്ന വര്‍ത്തമാനം.”
എന്നിട്ട് അതിനൊരു വിശദീകരണവുംകൂടി. ”മരണത്തെ ഭയപ്പെടാത്ത, കാന്‍സര്‍ എന്നു കേട്ടാല്‍, തന്റെ കുടുംബം തറവാടാക്കിയാലും നാടുമുഴുവന്‍ മുടിച്ചാലും തനിക്ക് ഒരാഴ്ചകൂടി എക്സ്ട്രാ ജീവിതം വേണമെന്ന് മോഹിക്കാത്ത, ഹൃദ്രോഗം എന്ന് ഡോക്ടര്‍ സംശയിച്ചാലുടനെ അതു കേട്ട് ഹാര്‍ട്ട് അറ്റാക് വന്ന് അവിടെ വീണു ചാവാത്ത, മരണഭയം മറികടന്ന ഒരു മനുഷ്യനുമാത്രമേ എം.പി. നാരായണപിള്ളയുടെ പുസ്തകത്തിന് ആമുഖമോ ദുര്മുഖമോ എഴുതാനുള്ള യോഗ്യതയുള്ളൂ.”