( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഡിസംബര്‍ 31, 1988
കഴിഞ്ഞ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തിനു പുറപ്പെട്ടതായിരുന്നു ഞാന്‍. സ്റ്റേഷനില്‍നിന്നു ചില പത്രങ്ങള്‍ വാങ്ങിയ കൂട്ടത്തില്‍ പുതിയ കുങ്കുമവും (ലക്കം 19-ജനുവരി 8) ഉണ്ടായിരുന്നു. മുഖചിത്രം നോക്കിയെന്നു പറഞ്ഞുകൂടാ. കണ്ടില്ല എന്നും പറയാനാവില്ല. ആരുടെ ഫോട്ടോയാണെന്നു മനസ്സിലായില്ല. കെ.സുരേന്ദ്രന്റെയാവാം എന്നൊരു തോന്നല്‍ മാത്രം. പതിനഞ്ച് സെക്കന്റുപോലും ഇക്കാര്യത്തിനു ചെലവഴിച്ചില്ല. എന്നിട്ടു വാരിക ബാഗില്‍ വച്ചു. ട്രെയിനില്‍ കയറി, വായിക്കാന്‍ സൗകര്യമുള്ള ഒരു സീറ്റ് കണ്ടുപിടിച്ചിരുന്നു. മറ്റെവിടെയോ ഇരുന്നിരുന്ന എം.കെ.സാനു തൊട്ട സീറ്റില്‍ സ്ഥാനം പിടിച്ചു. അദ്ദേഹം എറണാകുളത്തുനിന്നു കയറിയതാണ്. ഞങ്ങള്‍ പലതിനെപ്പറ്റിയുംസംസാരിച്ചു. ഇടയ്ക്ക് എന്റെ ബാഗിലുണ്ടായിരുന്ന ദിനപത്രങ്ങള്‍ സാനുവിനു കൊടുത്തു.
അതെല്ലാം മറിച്ചു നോക്കിക്കഴിഞ്ഞപ്പോള്‍ ഇനി ‘കുങ്കുമം’ ഉണ്ട് എന്നു ഞാന്‍ പറഞ്ഞു. കൊടുക്കുകയുംചെയ്തു. അപ്പോഴും പുറത്തെപടം ആരുേടതാണെന്നു ഞാന്‍ നോക്കിയില്ല. ഇതില്‍ താനുമായുള്ള അഭിമുഖമുണ്ട് എന്നോ മറ്റൊ സാനു പറഞ്ഞു. ശ്രദ്ധിച്ചപ്പോള്‍, കവറില്‍ത്തന്നെ ‘എം.കെ. സാനുവുമായി ഒരു സാഹിത്യചര്‍ച്ച’ എന്നച്ചടിച്ചിട്ടുമുണ്ട്. എങ്കിലും ഈ പടം ആരുടേതാണ് എന്നു ഞാന്‍ ചോദിച്ചുപോയി. സാനുവിന്റെ മറുപടി: ‘എനിക്കും കണ്ടിട്ട് മനസ്സിലായില്ല. ഇവരുടെ ചിത്രം (കവറില്‍ അഭിമുഖം നടത്തിയ ആറുപേരുടെ ഫോട്ടോകൂടിയുണ്ട്) കണ്ടപ്പോഴാണ് പിടികിട്ടിയത്.’ ഞാന്‍ വാരിക വാങ്ങി സൂക്ഷിച്ചുനോക്കി. മുഴുക്കഷണ്ടിയാന്; സാനുവിനു കഷണ്ടി ഇല്ല. പിന്നെ നേരെയും, കോണിച്ചുമൊക്കെ നോക്കി. ഒരു പ്രത്യേക ആംഗിളില്‍നിന്നു നോക്കിയാല്‍ സാനുവിന്റെ ജ്യേഷ്ഠനാണെന്നു തോന്നാം. അഞ്ചു പേജുകളിലായി പരന്നു കിടക്കുന്ന സാഹിത്യചര്‍ച്ച മുഴുവനും അദ്ദേഹം ഒന്നോടിച്ചു നോക്കിയെന്നു തോന്നി.
ഞാനും ചര്‍ച്ച വായിച്ചില്ലെങ്കിലും ട്രെയിനില്‍ വച്ച് അവിടെയും ഇവിടെയുമൊക്കെ നോക്കി. സാഹിത്യത്തില്‍ താത്പര്യമുള്ളവര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ പലതും അതിലുണ്ടെന്നു മാത്രം മനസ്സിലായി. നിരൂപകന്മാരെക്കുറിച്ചുള്ള ചോദ്യത്തിലോ ഉത്തരത്തിലോ ബ്ളര്‍ബ് നോക്കി നിരൂപണം എഴുതുന്നവരെപ്പറ്റി ഒരു പരാമര്‍ശം കണ്ടു. അതേപ്പറ്റി ഓര്‍ത്തപ്പോള്‍ ഒരു പഴയ കഥ നിങ്ങളോടു പറയണമെന്നുതോന്നി (പറയുന്നതിനുമുമ്പ് ഒരു ക്ഷമാപണം. ഈ സംഭവകഥ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എഴുതിയിട്ടുമുണ്ട്. എഴുതിയത് കുങ്കുമത്തിലല്ല എന്നാണ് ഓര്മ. അതു വായിച്ചിട്ടുള്ളവരോടാണ് ക്ഷമാപണം. പിന്നെ ഒരു ന്യായമുണ്ട്. ഗോവിന്ദപ്പിള്ള ഈയിടെ ഓശാന ബൈബിളിനെപ്പറ്റി പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്, ഭാഷ മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് പുതിയ പുതിയ തര്‍ജ്ജമ വേണമെന്നാണ്. എനിക്കു പറയാനുള്ളത്, തലമുറ മാറിവരുന്നതുകൊണ്ട് പഴയ കഥകള്‍ വീണ്ടും പറയേണ്ടതാവശ്യമാണെന്നാണ് അല്ലെങ്കില്‍ മറ്റൊരു ന്യായംകുടി പറയട്ടെ. വൈക്കത്തിന്റെ പഞ്ചവന്‍കാട് എത്രാമത്തെ പ്രാവശ്യമാണ് നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്നത്?)
ഇനി കഥയിലേക്ക് കടക്കാം. ‘മനോരമയില്‍ പണ്ടൊരു പത്രാധിപരുണ്ടായിരുന്നു. പേര് പി.ഒ.ഏബ്രഹാം. മാമ്മന്‍ മാപ്പിളയുടെ സന്തത സഹചാരി. ഈ.വി.കൃഷ്ണപിള്ളയുടെ ആത്മമിത്രം. എന്തു പറഞ്ഞാലും കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും. പി.ഒ. അന്തരിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പോഞ്ഞിക്കര റാഫി ഒരിക്കല്‍ കോട്ടയത്തു വന്നു തന്റെ പുതിയ കഥാസമാഹാരത്തിന്റെ രണ്ടു പ്രതി പി.ഒ. യെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: ‘അവറാച്ചന്തന്നെ ഈ പുസ്തകം റിവ്യു ചെയ്യണം.’ അവറാച്ചന് റാഫിക്ക് ഉറപ്പു നല്കി. ശരിക്കത് പാലിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ റിവ്യൂ വന്നു. സാമാന്യം നീണ്ടത്. ആദ്യഭാഗം ലോക ചെറുകഥകളെപ്പറ്റിയുള്ളതാണ്. അടുത്തത് മലയാളത്തിലെ കഥകളെപ്പറ്റി. പിന്നെ റാഫിയെപ്പറ്റിയും റാഫിയുടെ കഥകളുടെ മേന്മയെപ്പറ്റിയും.
എന്നിട്ട്, പത്തുപന്ത്രണ്ട് കഥകളുടെ പേര് നല്കി. ‘എന്നീ മനോഹര കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ചെറുകഥയില്‍ താല്പര്യമുള്ളവര്ക്ക് ഇതു ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.’ എന്നുംകൂടി പറഞ്ഞ് സംഗതി അവസാനിപ്പിച്ചു. ഇത്രയും കേട്ടാല്‍, കുഴപ്പമൊന്നുമില്ലല്ലോ എന്ന് നിങ്ങള്‍ പറയും. കുഴപ്പം സംഭവിച്ചത് എവിടെയാണെന്നോ? കഥാസമാഹാരം സാ. പ്ര. സ. സംഘത്തിന്റെ പ്രസിദ്ധീകരണമാണ്. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ ഗ്രന്ഥകര്‍ത്താവിന്റെ എല്ലാ കൃതികളുടെയും പേര് രണ്ടാംപേജില്‍ കൊടുക്കുന്ന പതിവുണ്ടായിരുന്നു. അഞ്ചാം പേജില്‍ ഉള്ളടക്കം എന്നോ കഥകള്‍ എന്നോ ഒരു തലക്കെട്ടിനു കീഴെ കഥകളുടെ പേരും കൊടുക്കാറുണ്ട്. അവറാച്ചന് രണ്ടാം പുറത്തെ കൃതികളുടെ ലിസ്റ്റാണ് പകര്‍ത്തി വച്ചത്. പാപികള്‍ തുടങ്ങി 12 പുസ്തകങ്ങളുടെ ലിസ്റ്റ്!! കഥ തീര്‍ന്നു.