( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) നവംബര്‍ 29, 1986
മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ 41-ാം ചരമവാര്‍ഷികമായിരുന്നു, നവംബര്‍ 23-ന്. കൊടുങ്ങല്ലൂരിലെ അബ്ദു റഹിമാന്‍ സ്മാരകസമിതി, അത് യഥോചിതം ആചരിക്കുകയും ചെയ്തു. സമിതി സെക്രട്ടറി അബ്ദു റഹിമാന്‍ കടപ്പൂരിന്റെ ക്ഷണം കിട്ടിയപ്പോള്‍ അതില്‍ സംബന്ധിക്കണമെന്നു തോന്നി. സ്വാതന്ത്ര്യസമര സേനാനിയും പഴയ സുഹൃത്തുമായ ടി.എന്‍.കുമാരനാണ് കമ്മറ്റിയുടെ വര്‍ക്കിങ് ചെയര്മാന് എന്നതും പോകാന്‍ കാരണമായി. അബ്ദു റഹിമാനെ ഒരിക്കലും നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല; എങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്യാദരവോടുകൂടി മാത്രമേ ആ പേര് ഞാന്‍ ഓര്മിക്കാറുള്ളു.
കൊടുങ്ങല്ലൂരിലാണ് അദ്ദേഹം ജനിച്ചത്- 1898-ാം ആണ്ട്. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്കു കുതിച്ചെത്തി. 1924-ല്‍ ‘അല്അമീന്’ പത്രം തുടങ്ങി. മുസ്ലിം ബഹുജനങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരുന്നതിനാവശ്യമായതെല്ലാം ചെയ്തു.പ്രത്യേകിച്ചും നവീനാശയങ്ങളും നവീന വിദ്യാഭ്യാസവും അവരുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍. 1930-ലെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു; അതിഭയങ്കരമായ മര്‍ദനങ്ങള്‍ക്കു വിധേയനായിക്കൊണ്ടുതന്നെ. നാല്പത്തിഏഴു വര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചുള്ളു. സ്വാതന്ത്ര്യസമരത്തിലേക്കു വന്നതിനു ശേഷമുള്ള ഇരുപത്തേഴു വര്‍ഷങ്ങളില്‍ ഒമ്പതുവര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ഒരാളെപ്പറ്റി പുത്തന്‍ തലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമോ?
രാവിലെ ഒമ്പതിനാണ് പരിപാടി ആരംഭിച്ചത്. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന മീറ്റിങ് ഉച്ചകഴിഞ്ഞായിരുന്നതിനാല് ഒരു മണിക്കേ ഞാന്‍ എത്തിയുള്ളു. എത്തിയ ഉടനെ രാവിലത്തെ യോഗത്തെപ്പറ്റി അന്വേഷിച്ചു. മൊയ്തു മൗലവിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അബ്ദുറഹിമാന്റെ സഹപ്രവര്‍ത്തകനായിരുന്ന മൗലവി. മാത്രമല്ല, നൂറാം ജന്മദിനമാഘോഷിക്കാന് തയ്യാറെടുക്കുന്ന ഇന്ത്യയിലാകെത്തന്നെ ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന സ്വാതന്ത്ര്യസമര പോരാളികൂടിയാണ് ഇ. മൊയ്തു മൗലവി.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടനപ്രസംഗത്തില്‍ കഴിഞ്ഞ പത്തെഴുപതു വര്‍ഷത്തെ സമരസ്മരണകള്‍ വിവരിച്ചു. ആണ്ടും മാസവും തീയതിയും സഹിതം. പ്രത്യേകിച്ചും, അബ്ദുറഹിമാനുമൊന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി (മൊയ്തു മൗലവിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തില്‍ നാല്പത്തിയാറ് അദ്ധ്യായങ്ങളിലായി ഇതൊക്കെ എഴുതിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്കു വായിക്കാം).
എനിക്ക് മൗലവിയെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, രാവിലത്തെ യോഗം കഴിഞ്ഞ ഉടനെ അദ്ദേഹം സ്ഥലംവിട്ടു. അന്നുതന്നെ മറ്റു രണ്ടു യോഗങ്ങളില്ക്കൂടി പങ്കെടുക്കേണ്ടതുണ്ടത്രെ! കോഴിക്കോട്ടുനിന്നാണ് ഈ തൊണ്ണൂറ്റിയേഴുകാരന് എത്തിയതെന്നുകൂടി ഓര്‍മ്മിക്കുക (മൗലവിയുടെ വയസ്സിന്റെ കാര്യത്തില്‍ സ്വല്പം പിശകുണ്ട്. 95 എന്നാണ് ചിലര്‍ക്ക് കണക്ക്. 99 കഴിഞ്ഞുവെന്ന് മറ്റു ചിലതിലും. ഏതായാലും 100-ാം ജന്മദിനംആഘോഷിക്കാന് പൊന്നാനിയില്‍ കമ്മറ്റി രൂപീകരിച്ചത് ഈയിടെയാണ്. ഒരുലക്ഷം ക.യുടെ പണക്കിഴിയും അന്നു നല്‍കുന്നുണ്ട്.)