( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) 3-5-1991
ഇന്ത്യയെ അറുപതോ എഴുപതോ സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന് ബി. ജെ. പി. പ്രസിഡണ്ട് ഡോ. മുരളീ മനോഹര്‍ജോഷി അഭിപ്രായപ്പെട്ടിരിക്കുന്നു. നാലഞ്ച് ആഴ്ച മുമ്പായിരുന്നു ഈ അഭിപ്രായപ്രകടനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇതിനെ എതിര്‍ത്തിട്ടുമുണ്ട്. മറ്റാരും ഒന്നും പറഞ്ഞുകണ്ടില്ല. ഗോവയ്ക്ക് കൂടി സംസ്ഥാനപദവി ലഭിച്ചതോടെ ഇന്ത്യയില്‍ 25 സംസ്ഥാനങ്ങളായിട്ടുണ്ട്. ഒരു കോടിക്കും രണ്ടുകോടിക്കും ഇടയിലായിരിക്കണം, ഒരു സംസ്ഥാനത്തെ ജനസംഖ്യ എന്നുകൂടി ജോഷി പ്രസ്താവിച്ചു കണ്ടു.
അങ്ങനെ വന്നാല്‍ 2.90 കോടിയില്‍ നില്ക്കുന്ന കേരളം രണ്ടു സംസ്ഥാനമാകും. പഴയ തിരുവിതാംകൂറിനെ പുനരുജ്ജീവിപ്പിക്കാം. കൊച്ചിയും മലബാറും കൂടി ചേര്‍ത്ത് മറ്റൊരു സംസ്ഥാനവുമാകും. 13.88 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എട്ടു സംസ്ഥാനങ്ങളെങ്കിലുമാകും. ബീഹാര്‍ (8.63കോടി) ആറ് സംസ്ഥാനങ്ങളാകാം. മഹാരാഷ്ട്രയും പശ്ചിമബംഗാളും ആന്ധ്രപ്രദേശും ഒക്കെ പല കഷണങ്ങളായി മുറിക്കപ്പെടും. നമ്മുടെ അയല്പക്കത്തുള്ള തമിഴ്നാട് (5.56 കോടി) മൂന്നു സംസ്ഥാനങ്ങള്‍ എങ്കിലുമായിക്കൂടെന്നില്ല.
തീരെ ചെറിയ സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിക്കാമോ എന്ന കാര്യം അറിഞ്ഞുകൂടാ. ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലും കൂടി ഒരു കോടി ജനങ്ങളേ ഉള്ളു-കേരളത്തിലെ അഞ്ചു ജില്ലകള്‍ ഒരുമിച്ചെടുത്താല്‍ ഇതിലും വലുതാകും. കഷ്ടിച്ച് ഏഴുലക്ഷം ജനങ്ങളുള്ള സംസ്ഥാനവും (മിസോറാം) ഇതില്‍പ്പെടും. ഇവയിലൊക്കെ ഓരോ ഗവര്‍ണ്ണറും മന്ത്രിസഭയും ഉണ്ടെന്നും ഓര്‍മ്മിക്കുക.
ബി. ജെ. പി. നേതാവിന്റെ അഭിപ്രായംപോലെ 60 മുതല്‍ 70 വരെ സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും കുറച്ചൊരു മാറ്റം വേണമെന്ന പക്ഷക്കാരനാണ് ഞാനും. ഉത്തര്‍പ്രദേശിനെ നാലു സംസ്ഥാനമാക്കി മാറ്റണം. 85 ലോക്സഭാംഗങ്ങളാണവിടെ ഉള്ളത്. ഇവരുടെ ആധിപത്യമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതും. സംസ്ഥാന പുനഃസംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തില്‍ (1955) അതിന്റെ മൂന്നംഗകമ്മീഷനില് അംഗമായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കര്‍ ഉത്തര്‍പ്രദേശിനെ രണ്ടു സംസ്ഥാനമാക്കണമെന്ന് നിര്‍ദ്ദേശം വച്ചിരുന്നതായി ഓര്‍ക്കുന്നു.
റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ക്കാന്‍ പണിക്കര്‍ക്കു കഴിഞ്ഞോ എന്നറിഞ്ഞുകൂടാ. ഉത്തര്‍പ്രദേശിനെ വിഭജിക്കുന്ന കാര്യത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് ജവാഹര്‍ലാല്‍ നെഹ്റു തന്നെയായിരുന്നു. (സ്വതന്ത്രഭാരതത്തിനു 44 വയസ്സ് തികയാന്‍ പോകുന്നു. ഇതില്‍ 42 വര്‍ഷവും ഉത്തര്‍പ്രദേശില്‍നിന്നാണ് പ്രധാനമന്ത്രി ഉണ്ടായതെന്ന കാര്യം മറക്കേണ്ട. അതില്‍ 40 വര്‍ഷം ഒരേ കുടുംബത്തില്‍നിന്നും എന്നുകൂടി ഓര്‍മ്മിക്കാം). ഉത്തര്പ്രദേശിനെപ്പോലെതന്നെ ബീഹാറിനേയും രണ്ടെങ്കിലുമായി മുറിച്ചേ പറ്റൂ. ഇതെല്ലാംകൂടിയായാല് 30-നും 40-നും മദ്ധ്യേ സംസ്ഥാനങ്ങളാകും. അസമിനപ്പുറത്തുള്ള കൊച്ചു സംസ്ഥാനങ്ങള്‍ ഒരുമിച്ചു കൂട്ടിക്കെട്ടാന്‍ കഴിഞ്ഞാല്‍ എണ്ണത്തില്‍ കാര്യമായ കുറവുവരും. ഇന്ത്യയുടെ മൂന്നിലൊന്നുപോലും ജനസംഖ്യയില്ലാത്ത അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ ഉണ്ടെന്ന കാര്യവും ജോഷിയുടെ വാദത്തോട് യോജിക്കാനുള്ള ന്യായമാണ്.