( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഡിസംബര്‍ 1984
ഡിസംബര്‍ 11-ന് ഓഫീസില്‍ ചെന്ന്, കത്തുകള്‍ നോക്കിയപ്പോള്‍ വര്‍ക്കിസ്സാറിന്റെ കത്തുണ്ട്. സാക്ഷാല്‍ പൊന്‍കുന്നം വര്‍ക്കി. നോവലിന്റെ കൈയെഴുത്തുപ്രതി ഡിസംബര്‍ 30-ന് ഏല്പിച്ചുകൊള്ളാമെന്ന് ഉറപ്പുതരുന്ന കത്തായിരുന്നു, അത്. ഏതു നോവല്‍ എന്ന ചോദ്യം ഉദിക്കുന്നില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ആദ്യത്തെ നോവല്‍. നവംബര്‍ മാസത്തില്‍ ഒരു ദിവസം എനിക്കുറപ്പു തന്നിരുന്നു. ഡിസംബര്‍ 10-ാം തീയതി തീര്‍ച്ചയായും നോവലിന്റെ മാറ്റര്‍ ഏല്പിക്കുമെന്ന്. പതിനൊന്നാം തീയതി ഞാനൊരു കാര്‍ഡയച്ചു. അതിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു.
‘പ്രിയപ്പെട്ട വര്‍ക്കിസാറിന്,
ഡിസംബര്‍ 10 ഇന്നലെയായിരുന്നു.
സ്വന്തം (ഒപ്പ്)’
അതിനുള്ള മറുപടിയാണ് ഇന്നു കിട്ടിയത്.
ഇതേ നോവലിനെപ്പറ്റി പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ് 1958-ലോ, ’59-ലോ ആവാം വര്‍ക്കിസാര്‍ എനിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: ‘നോവലിന്റെ പണി മിക്കവാറും തീര്‍ന്നു. എന്തായാലും കൈയെഴുത്തുപ്രതി ഈ ഫെബ്രുവരി 30-ന് ഞാന്‍ ഡീസിയെ ഏല്പിക്കുന്നതാണ്.’
1582-ലാണ്, ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പായത്. അതിനുശേഷവും അതിനു മുമ്പും നാലു വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിക്ക് 29 ദിവസമുണ്ടാവും. (അങ്ങനെയൊരു 29-നാണ്, നമ്മുടെ മൊറാര്‍ജി ദേശായ് ജനിച്ചത്). എന്നല്ലാതെ 30-ാം തീയതി ഉണ്ടായതായി കേട്ടിട്ടില്ല. ഒരു ‘വര്‍ക്കിയന്‍ കലണ്ടര്‍’ വന്നാല്‍ ഫെബ്രുവരിക്ക് 30 ദിവസമുണ്ടാവാം (കഥയുടെ ഈ ഭാഗം മുമ്പ് ഞാനെഴുതിയിട്ടുണ്ട്. അതു വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക). പക്ഷേ, ഡിസംബര്‍ 30 ഇപ്പോഴത്തെ കലണ്ടറില്ത്തന്നെയുണ്ട്, നോക്കാം.