( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) മെയ് 4, 1988
ആനന്ദരാജനുമൊത്ത് ഞങ്ങള്‍ കായംകുളം വഴി പുതുപ്പള്ളിയില്‍ എത്തിച്ചേര്‍ന്നു. വാരണപ്പള്ളി കുടുംബത്തെപ്പറ്റിയും കുടുംബക്ഷേത്രത്തെപ്പറ്റിയുമൊക്കെ എത്രയോ പ്രാവശ്യം വായിച്ചിരിക്കുന്നു. ക്ഷേത്രമുറ്റത്തുകൂടി കടന്നു മൂന്നാലു മിനിട്ട് നടന്നാല്‍ പുതുപ്പള്ളി രാഘവന്റെ വീട്ടിലെത്താം. ഞാന്‍ ഈ വീട്ടില്‍ ചെല്ലുമെന്നു പറയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇന്നതു നിറവേറ്റാന്‍ കഴിഞ്ഞു.
നിത്യരോഗിയായ രാഘവന് എഴുന്നേറ്റു വന്ന് എന്നെ ആശ്ലേഷിച്ചു. ആരോഗ്യത്തെപ്പറ്റി അന്വേഷിച്ചു, ആദ്യം. അഞ്ചുമാസം മുമ്പ് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ കുറെക്കാലം കിടന്നു. രണ്ടു പ്രാവശ്യമെങ്കിലും ഞാന്‍ പോയി കണ്ടിരുന്നു. ആയിടയ്ക്കു ഡോക്ടര്‍മാര്‍ അദ്ദേഹത്തെ എഴുതിത്തള്ളിയിരുന്നതാണ്. വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ചുകൊള്ളാന്‍ അവര്‍ ഭാര്യയെയും മക്കളെയും അറിയിച്ചു. മകള്‍ ഷീല എനിക്കയച്ച ഒരു കത്തില്‍ ഏതാണ്ടിങ്ങനെ എഴുതി. ‘എന്റെ അച്ഛന് പുതുപ്പള്ളി രാഘവന് പറഞ്ഞിട്ടാണ് ഞാനീ കത്തയയ്ക്കുന്നത്. തിരിച്ചു വീട്ടിലെത്തിയിട്ട് അച്ഛന്‍തന്നെ സാറിന് എഴുതിക്കൊള്ളാമെന്നു പറഞ്ഞു.’
‘പക്ഷേ, അച്ഛന് പറയാത്ത, അച്ഛന് അറിയാത്ത ഒരു കാര്യംകൂടി ഞാനെഴുതിക്കൊള്ളട്ടെ. എന്റെ അച്ഛന് ഇനി ഒരിക്കലും സാറിനു കത്തയയ്ക്കുകയില്ല. ഇനി ഏതാനും ദിവസങ്ങള്‍കൂടിയേ ഉള്ളൂ. എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.’
‘വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ചുകൊള്ളാന്‍’ ഡോക്ടര്‍മാര്‍ പറഞ്ഞതിനെപ്പറ്റി രാഘവന്റെ പ്രതികരണം ഇങ്ങനെയാണ്.”വേണ്ടപ്പെട്ടവരില്‍ അല്ലെങ്കില്‍ അറിയേണ്ടവരില്‍ ഒന്നാമന് ഞാനല്ലേ; എന്നെ അവര്‍ അറിയിച്ചില്ല. അതുകൊണ്ടു ഞാന്‍ തയ്യാറായിട്ടുമില്ല.’