( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഒക്ടോബര്‍ 1989
ഒക്ടോബര്‍ 22-ന് കോഴിക്കോട്ട് ഉറൂബിന്റെ 10-ാം ചരമവാര്‍ഷികം ആചരിച്ചു. നിത്യചൈതന്യയതിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. അഴീക്കോട് എല്ലാ ദിവസവും ആറുമണിക്ക് ടൗണ്‍ഹാളില്‍ പ്രസംഗിക്കും എന്നു പറഞ്ഞാല്‍ എന്നും ടൗണ്‍ഹാള്‍ നിറഞ്ഞിരിക്കും. യതിയുടെ കാര്യവും അങ്ങനെതന്നെയാണ്. പിന്നെ ഉറൂബിനോട് കോഴിക്കോടുകാര്ക്കുള്ള സ്നേഹവും വലുതാണ്.
അപ്പോള്‍ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞു എന്നു പറയേണ്ടതില്ലല്ലോ. ഗുരു നിത്യ ചൈതന്യയതിയുടെ പ്രസംഗത്തില്‍നിന്നു രണ്ടുമൂന്നു വാചകങ്ങള്‍ മാത്രം: ‘ഉറൂബിന്റെ കൃതികള്‍ വായിക്കാത്ത ആരും ഈ സദസ്സിലുണ്ടാവില്ല, ഒരാളൊഴിച്ച്. ആ ഒരാള്‍ ഞാനാണ്. അതു കണ്ടുപിടിച്ച് എന്നെത്തന്നെ ഇവിടെ അദ്ധ്യക്ഷനാക്കിയതാണ് അത്ഭുതം. ഞാന്‍ ഒരൊറ്റ മലയാളനോവലേ വായിച്ചിട്ടുള്ളു — വിലാസിനിയുടെ ‘അവകാശികള്‍.’ അതുകൊണ്ട് മലയാളത്തിലെ കഥാസാഹിത്യം എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. കഥ വായിക്കാന്‍ എനിക്ക് നേരം കിട്ടാറില്ല. കാര്യം വായിക്കാന്‍തന്നെ നേരം പോര.
‘ഒരാള്‍ മരിച്ചാലും ഞാന്‍ അനുശോചിക്കാറില്ല. എനിക്കതില്‍ വിശ്വാസമില്ല. അവര്‍ നമ്മുടെ സുഹൃത്തുക്കളായിരുന്നെങ്കില്‍, നമ്മെ വിട്ടുപിരിയില്ല. നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു.’ ചിത്രങ്ങള്‍കൊണ്ടു നിറഞ്ഞ ടൗണ്‍ഹാളില്‍ ഉറൂബിന്റെ ഛായാചിത്രം. കെ. എം. മാത്യു (ചീഫ് എഡിറ്റര്‍, മലയാള മനോരമ) അനാച്ഛാദനം ചെയ്തു.